
ന്യൂദൽഹി: സുപ്രീം കോടതി ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള അധ്യക്ഷനായ ബെഞ്ചുകൾ പരിഗണിച്ചിരുന്ന സുപ്രധാന കേസുകൾ മറ്റ് ബെഞ്ചുകളിലേക്ക് മാറ്റി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വ്യക്തിഗത തർക്കങ്ങളുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ ഹർജികൾ രാജ്യവ്യാപകമായ പൊതുതാൽപ്പര്യ വിഷയങ്ങളായി വികസിപ്പിച്ച് ബെഞ്ച് ഇടപെടലുകൾ നടത്തിയെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. കേസുകൾ ബെഞ്ചുകൾക്ക് അനുവദിക്കുന്നതിനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരമായ ‘മാസ്റ്റർ ഓഫ് ദ റോസ്റ്റർ’ സംവിധാനത്തിന്റെ പരിധി മറികടന്നെന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നീക്കം.
ജസ്റ്റിസ് അമാനുള്ളയുടെ ബെഞ്ചിന് പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കാനുള്ള പ്രത്യേക ചുമതല നൽകിയിരുന്നില്ല. എന്നാൽ, വ്യക്തിപരമായ പരാതികളായി കോടതിയിലെത്തിയ ചില കേസുകൾ പിന്നീട് രാജ്യവ്യാപകമായ നയപരവും ഭരണപരവുമായ വിഷയങ്ങളിലേക്ക് വ്യാപിപ്പിക്കുകയും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും വിവിധ നിയന്ത്രണ ഏജൻസികൾക്കും നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
സുപ്രീം കോടതിയിലെ നാല് മുതിർന്ന ജഡ്ജിമാരായ വിക്രം നാഥ്, ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ്, പി.എസ്. നരസിംഹ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് കേസുകൾ മാറ്റാൻ തീരുമാനിച്ചത്. ഏകദേശം നാലാഴ്ച മുമ്പ് ചേർന്ന ഫുൾകോർട്ട് യോഗത്തിലും കേസുകൾ അനുവദിച്ചിട്ടുള്ള റോസ്റ്റർ കർശനമായി പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചിരുന്നു. ജഡ്ജിമാർ തങ്ങൾക്ക് അനുവദിച്ച വിഷയങ്ങളിൽ മാത്രമേ വാദം കേൾക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മാറ്റിയ പ്രധാന കേസുകൾ
- സ്വകാര്യ സർവകലാശാലാ കേസ്: നോയിഡയിലെ അമിറ്റി സർവകലാശാലയ്ക്കെതിരെ ആയിഷ ജെയിൻ നൽകിയ ഹർജിയാണ് മാറ്റിയതിൽ പ്രധാനപ്പെട്ടത്. പേര് മാറ്റിയതുമായി ബന്ധപ്പെട്ട് സർവകലാശാലയിൽനിന്ന് നേരിട്ട ബുദ്ധിമുട്ടുകൾ ഉന്നയിച്ചാണ് ഹർജിക്കാരി കോടതിയെ സമീപിച്ചത്. എന്നാൽ, വാദം കേൾക്കുന്നതിനിടെ വിഷയം രാജ്യത്തെ സ്വകാര്യ സർവകലാശാലകളുടെ പ്രവർത്തനവും ധനസഹായവും സംബന്ധിച്ച വിശാലമായ പരിശോധനയിലേക്ക് ബെഞ്ച് വ്യാപിപ്പിക്കുകയായിരുന്നു. ഈ കേസ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് കൈമാറി.
- അനധികൃത നിർമാണ കേസ്: ചെന്നൈയിലെ ഒരു കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട വ്യക്തിഗത തർക്കത്തിൽനിന്ന് ആരംഭിച്ച ‘ലോഗനാഥൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് തമിഴ്നാട്’ എന്ന കേസും മാറ്റിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള അനധികൃത നിർമാണങ്ങളിലേക്കും താമസക്കെട്ടിടങ്ങളുടെ വാണിജ്യ ഉപയോഗത്തിലേക്കും കോടതി പരിശോധന വ്യാപിപ്പിച്ചിരുന്നു. ഈ കേസ് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിലേക്ക് മാറ്റി.
- തെരുവുമൃഗങ്ങളുമായി ബന്ധപ്പെട്ട കേസ്: പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നീക്കം ചെയ്യാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജസ്റ്റിസ് അമാനുള്ള ഉൾപ്പെട്ട ബെഞ്ച് നിർദേശം നൽകിയിരുന്നു. പശുക്കളെയും ഇതിൽ ഉൾപ്പെടുത്തിയുള്ള ഉത്തരവ്, അവയ്ക്ക് ഭരണഘടനാപരമായും നിയമപരമായും ലഭിക്കുന്ന പ്രത്യേക സംരക്ഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശിൽനിന്നുള്ള ഹർജിക്കാരൻ കോടതിയെ സമീപിച്ചിരുന്നു. വ്യക്തിഗത വിഷയങ്ങളെ വിശാലമായ പൊതുതാൽപ്പര്യ വിഷയങ്ങളാക്കി മാറ്റുന്നുവെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ ഈ കേസും മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.