
കൊച്ചി: ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ടി ബി മിനി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയത് തെളിവില്ലെന്ന കാരണത്താല്‍. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉത്തരവാദപ്പെട്ട ഒരു ജുഡീഷ്യല്‍ ഓഫീസര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. വിചാരണ കോടതി ജഡ്ജി പരാമര്‍ശങ്ങള്‍ നടത്തിയെന്നു പറയുന്ന സമയത്ത് മിനി അവിടെ ഇല്ലായിരുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ‘ഹര്‍ജിക്കാരിയുടെ കേട്ടുകേള്‍വിയും മാധ്യമ വാര്‍ത്തകളും അല്ലാതെ ജുഡീഷ്യല്‍ ഓഫീസര്‍ തുറന്ന കോടതിയില്‍ ആരോപിക്കപ്പെടുന്ന പ്രസ്താവന നടത്തിയെന്ന് തെളിയിക്കുന്ന മറ്റൊരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ‘ കോടതി ഉത്തരവില്‍ വ്യക്തമാക്കി.
കോടതി നടപടികളില്‍ ഒരു ജഡ്ജി ഒരു അഭിഭാഷകനെതിരെ അനുചിതമോ പരുഷമോ ആയ ഭാഷ ഉപയോഗിച്ചാലും അത് സ്വയമേവ കോടതിയലക്ഷ്യമായി കണക്കാക്കില്ല എന്ന അഡ്വക്കേറ്റ് ജനറലിന്റെ കണ്ടെത്തലിനോട് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ യോജിച്ചു.
കോടതി നടപടികള്‍ക്കിടെ ജഡ്ജിമാര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍, ജഡ്ജിയുടെയും അഭിഭാഷകന്റെയും പ്രതിച്ഛായയ്‌ക്ക് കളങ്കം വരുത്തുന്ന രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ കോടതി മുറിക്ക് പുറത്ത് പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് കോടതി മുന്നറിയിപ്പുനല്‍കി.
അഭിഭാഷക വിചാരണയുടെ 10 ദിവസത്തില്‍ താഴെ മാത്രമേ പങ്കെടുത്തുള്ളൂവെന്നും അര മണിക്കൂര്‍ മാത്രമേ കോടതിയില്‍ തങ്ങിയുള്ളൂവെന്നും നടപടിക്രമങ്ങള്‍ക്കിടയില്‍ ഉറങ്ങിയെന്നും ജഡ്ജി വര്‍ഗീസ് പരാമര്‍ശിച്ചതായി മിനി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതാണ് കോടതി നിരാകരിച്ചത്. ജഡ്ജി നടത്തിയെന്ന തരത്തില്‍ ഈ പരാമര്‍ശങ്ങള്‍ പിന്നീട് ടെലിവിഷന്‍ ചാനലുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രചരിപ്പിച്ചു.