• Tue. Nov 17th, 2026

24×7 Live News

Apdin News

മയില്‍പ്പീലിക്ക് ഒരു നിയമം, മറ്റുള്ളവരുടെ അജണ്ടകള്‍ക്ക് പൊതുകാശില്‍ സ്വീകരണം; ഇതാണോ നിങ്ങളുടെ മതേതരത്വം?- കുമ്മനം രാജശേഖരന്‍

Byadmin

Nov 17, 2026



തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ‘മയില്‍പ്പീലി വിജ്ഞാനോത്സവം’ സ്‌കോളര്‍ഷിപ്പ് പരീക്ഷയ്‌ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് കടുത്ത ഇരട്ടത്താപ്പാണെന്ന് ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗം കുമ്മനം രാജശേഖരന്‍. ദേശീയ അധ്യാപക പരിഷത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഈ പൊതുവിജ്ഞാന ക്വിസ് പരീക്ഷയില്‍ എല്‍ പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള കുട്ടികള്‍ പങ്കെടുക്കുകയും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സ്‌കോളര്‍ഷിപ്പുകളും ലഭിക്കുകയും ചെയ്യുന്നുണ്ട്. യാതൊരുവിധ അജണ്ടകളുമില്ലാതെ, പൂര്‍ണമായും പൊതുവിജ്ഞാനത്തെ മാത്രം അടിസ്ഥാനമാക്കി നടത്തുന്ന ഒരു പരീക്ഷയ്‌ക്ക് നേരെമാത്രം കണ്ണടയ്‌ക്കുന്ന സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. മയില്‍പ്പീലി ചോദ്യപ്പേപ്പറുകളില്‍ യാതൊരുവിധ രാഷ്‌ട്രീയമോ മതപരമോ ആയ കാര്യങ്ങള്‍ ഒളിച്ചുകടത്തിയിട്ടില്ലെന്ന് പകല്‍പോലെ വ്യക്തമാണ്.

എന്നാല്‍, സ്വന്തം ആശയങ്ങളും രാഷ്‌ട്രീയ അജണ്ടകളും ഒളിച്ചുകടത്തുന്നവര്‍ യാതൊരു തടസവുമില്ലാതെ ഇവിടം വാണിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇടതു അധ്യാപക സംഘടനയും ‘ദേശാഭിമാനിയും’ ചേര്‍ന്ന് നടത്തുന്ന ‘അക്ഷരമുറ്റം ക്വിസ്’, കോണ്‍ഗ്രസ് സംഘടനയുടെ ‘സ്വദേശ് ക്വിസ്’, മുസ്ലിം ലീഗ് സംഘടനയുടെ ‘സി എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ്’ എന്നിവയൊക്കെ യാതൊരു തടസവുമില്ലാതെ സ്‌കൂളുകളില്‍ നിര്‍ബാധം നടക്കുന്നുണ്ട്. മറ്റ് പാര്‍ട്ടികളുടെയും സംഘടനകളുടെയും സ്‌പോണ്‍സര്‍ഷിപ്പിലും രാഷ്‌ട്രീയ നിഴലിലും നടക്കുന്ന ഇത്തരം മത്സരങ്ങളെക്കുറിച്ച് ആര്‍ക്കും യാതൊരു പരാതിയുമില്ല.

സ്വന്തം രാഷ്‌ട്രീയ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ സ്‌കൂളുകള്‍ തുറന്നുകൊടുക്കുന്നവര്‍, മറ്റൊരു വിഭാഗം കുട്ടികളുടെ പ്രതിഭ വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മാത്രം രാഷ്‌ട്രീയക്കണ്ണുമായി ചാടിവീഴുന്നത് എന്ത് ന്യായത്തിന്റെ പുറത്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.കുട്ടികളുടെ ക്ഷേമത്തിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ യാതൊരു വിവേചനവുമില്ലാതെയാണ് പി എം പോഷണ്‍ ഉച്ചഭക്ഷണ പദ്ധതി ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ കേരളത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. കേന്ദ്രം നല്‍കുന്ന ഈ പിന്തുണയോടെ കുട്ടികള്‍ പഠിക്കുമ്പോള്‍, സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ അറിവും പ്രതിഭയും വളര്‍ത്തുന്ന അവസരങ്ങള്‍ക്ക് മാത്രം രാഷ്‌ട്രീയവിദ്വേഷത്തിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തുന്നത് യാതൊരു നിലയിലും അംഗീകരിക്കാനാവില്ല. കുട്ടികളുടെ ഭാവിയെവെച്ചുള്ള ഈ കളി അവസാനിപ്പിക്കണമെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി വിദ്യാഭ്യാസ രംഗത്തും കര്‍ശനമായി നടപ്പാക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

 

By admin