• Sun. Oct 25th, 2026

24×7 Live News

Apdin News

ടെസ്റ്റ് ക്രിക്കറ്റിൽ അവൻ ഇന്ത്യക്ക് വേണ്ടി കളിക്കണം: അസ്ഹറുദ്ദീൻ

Byadmin

Oct 25, 2026


ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടി-20യിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ തിലക് വർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. തിലകിന് ടെസ്റ്റ് ഫോർമാറ്റിൽ കളിയ്ക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് അസ്ഹറുദ്ദീൻ അഭിപ്രായപ്പെട്ടത്.

“തിലക് വർമ്മ കളിച്ച രീതി എന്നെ ഏറെ സന്തോഷിപ്പിച്ചു. അദ്ദേഹം മികച്ച താരമാണ് ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിക്കുമെന്നാണ് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ക്രിക്കറ്റ് ആണ് ഏറ്റവും പ്രധാനപ്പെട്ട ഫോർമാറ്റ്. ടെസ്റ്റിലും അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.

ടി-20യിൽ അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്. ഇന്ത്യയുടെ വിജയം ഉറപ്പാക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്കു വളരെ വലുതായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ. ക്രിക്കറ്റ് എന്നത് ഒരു ടീം ഗെയിമാണ്. അതിനാൽ മുഴുവൻ ടീമും അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. എല്ലാവർക്കും എന്റെ ആശംസകൾ” അസ്ഹറുദ്ദീൻ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തിലക് വർമ്മയുടെ അർധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കിവീസിനെതിരെ ആവേശ വിജയം കൈപ്പിടിയിലാക്കാക്കിയത്. 26 പന്തുകളിൽ നിന്നും പുറത്താവാതെ 51 റൺസ് നേടിയാണ് തിലക് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആറ് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.

ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റുകൾക്കാണ് ന്യൂസിലാൻഡിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം ഇന്ത്യ ഒരു പന്തും നാല് വിക്കറ്റും ബാക്കിനിൽക്കെ മറികടന്നു. ഈ വിജയത്തോടെ 5 മൽസരങ്ങളുടെ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു.







By admin