
ന്യൂദല്‍ഹി: മൂന്ന് തവണ ഏഷ്യന്‍ പാരാ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ നീരജ് യാദവിനെ (42) വടക്കുകിഴക്കന്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച വനിതാ സുഹൃത്തിനൊപ്പം സോണിപതില്‍ നിന്ന് ദല്‍ഹിയിലേക്ക് നീരജ് യാത്ര ചെയ്തിരുന്നു. തുടര്‍ന്ന് യാദവ് അവരെ മൗജ്പൂര്‍ മെട്രോ സ്റ്റേഷന് സമീപം ഇറക്കിവിട്ടു മടങ്ങി. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മെട്രോ സ്റ്റേഷന്റെ ഗേറ്റിനു സമീപം വാഹനത്തിനരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരിച്ചു.
ഉത്തര്‍പ്രദേശ് സ്വദേശിയായ നീരജിന് കുട്ടിക്കാലത്ത് പോളിയോ മൂലമുണ്ടായ പക്ഷാഘാതമുണ്ടായി. 2013 ലാണ് പാരാ അത്ലറ്റിക്‌സിലേക്ക് എത്തുന്നത്. 2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഏഷ്യന്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. 2023-ല്‍ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍, ജാവലിനിലും ഡിസ്‌കസ് ത്രോയിലും സ്വര്‍ണ്ണ മെഡലുകള്‍ നേടി. പാരാ അത്ലറ്റിക്‌സിലേക്ക് എത്തുന്നതിന് മുന്‍പ്, 2005 മുതല്‍ 2012 വരെ അദ്ദേഹം വീല്‍ചെയര്‍ ടെന്നീസ് താരമായിരുന്നു.
2023 ല്‍ ആന്റി-ഡോപ്പിംഗ് കേസില്‍ പെട്ടതോടെ ദേശീയ ആന്റി-ഡോപ്പിംഗ് ഏജന്‍സി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ സസ്‌പെന്‍ഷന്‍ തുടരുകയാണ്. ഇതോടെ മാനസികമായ വിഷമത്തിലായിരുന്നു നീരജ് എന്ന് അടുപ്പമുള്ളവര്‍ പറഞ്ഞു. ഭാര്യയും മൂന്ന് വയസ്സുള്ള മകളുമുണ്ട്.