
ഹേഗ്: ഡച്ച് രാജകുമാരിമാരെ വധിക്കാനുള്ള വന്‍ ഗൂഢാലോചനയും ആസൂത്രണവും പരാജയപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ നെതര്‍ലന്‍ഡ്‌സ് സര്‍ക്കാര്‍ പുറത്തു വിട്ടു.
രാജകുമാരിമാരായ കാതറിന അമാലിയ(22), സഹോദരി അലക്സിയ(20) എന്നിവരെ വധിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് നീക്കമുണ്ടായത്. സംഭവത്തില്‍ മുപ്പത്തിമൂന്നുവയസുകാരനെ അറസ്റ്റ് ചെയ്തതായും നെതര്‍ലന്‍ഡ്സ് അധികൃതര്‍ അറിയിച്ചു.
ഭാവി രാജ്ഞിയാണ് അമാലിയ. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വധശ്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. പ്രതിയുടെ മറ്റുവിശദാംശങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
വില്യം അലക്സാണ്ടര്‍ രാജാവിന്റെയും മാക്സിമ രാജ്ഞിയുടെയും മക്കളാണ് അമാലിയയും അലക്സിയയും. ഏപ്രില്‍ 27ന് ‘കിങ്സ് ഡേ’ ആഘോഷത്തില്‍ ഇവര്‍ പങ്കെടുത്തപ്പോള്‍ പതിവില്ലാത്ത തരത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. ഇതിനുപിന്നാലെയാണ് വധശ്രമത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്.
നെതര്‍ലന്‍ഡ്സിലെ കിരീടാവകാശിയായ അമാലിയയെ തട്ടിക്കൊണ്ടുപോകാന്‍ നേരത്തെ ശ്രമം നടന്നിരുന്നു.
2022ല്‍ മയക്കുമരുന്ന് മാഫിയയാണ് രാജകുമാരിയെയും ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെയെയും തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത്. മാഫിയ സംഘാംഗങ്ങളുടെ ആശയവിനിമയം അന്വേഷണ ഏജന്‍സികള്‍ക്ക് ചോര്‍ന്നുകിട്ടിയതോടെയാണ് പദ്ധതി പരാജയപ്പെടുത്തിയത്. ഏറെക്കാലം ഹേഗിലെ കൊട്ടാരത്തില്‍ കനത്ത സുരക്ഷാവലയത്തില്‍ കഴിഞ്ഞ അമാലിയ 2024ല്‍ പഠനം പൂര്‍ത്തിയാക്കാന്‍ രഹസ്യമായി മാഡ്രിഡിലേക്ക് താമസം മാറ്റിയിരുന്നു.