• Thu. Sep 17th, 2026

24×7 Live News

Apdin News

‘തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കണ്ടു, അടുത്ത 2 ദിവസം അമ്മയും തോക്കിൻമുനയിൽ’; സനൽകുമാറിന് മധു വാര്യരുടെ മാസ് ട്രോൾ!

Byadmin

Sep 17, 2026


കൊച്ചി: നടി മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിലാണെന്ന സംവിധായകൻ സനൽകുമാർ ശശിധരന്റെ ആരോപണങ്ങളെയും നിരാഹാര സമരത്തെയും പരിഹസിച്ച് മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യർ. മഞ്ജുവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് തികച്ചും നർമത്തിൽ ചാലിച്ച കുറിപ്പിലൂടെയാണ് മധു വാര്യർ ഇതിന് മറുപടി നൽകിയത്.

“അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു” എന്ന് തുടങ്ങുന്ന പോസ്റ്റിൽ സനൽകുമാറിന്റെ ആരോപണങ്ങളെ ട്രോളിക്കൊല്ലുകയാണ് മധു വാര്യർ ചെയ്തത്.

മധു വാര്യരുടെ സോഷ്യൽ മീഡിയ കുറിപ്പിന്റെ പൂർണ്ണരൂപം:

“മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി. അവിടെ ചെന്നപ്പോൾ തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, അനു ഞെട്ടി, ആവണി ഞെട്ടി, ഞാൻ ഞെട്ടി, ബാൽക്കണിയിൽ ഇരിക്കുന്ന പ്രാവിലേക്ക് ശ്രദ്ധ പോയത് കൊണ്ട് ഒരു പത്ത് സെക്കൻഡ് കഴിഞ്ഞ് കൊക്കോയും ഞെട്ടൽ രേഖപ്പെടുത്തി.”

“തടവിൽ ഇരിക്കുമ്പോഴെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. അത് കഴിഞ്ഞ് ഗൺപോയിന്റിലുള്ള മഞ്ജു എല്ലാവർക്കും ബേൺഡ് ഗാർലിക് ഫ്രൈഡ് റൈസും, നൂഡിൽസും, ഹണി ഗ്ലേസ്ഡ് ചിക്കനും, സാൾട്ട് പെപ്പർ കോട്ടേജ് ചീസും ഓർഡർ ചെയ്തു.”

“ഭക്ഷണശേഷം ഇറങ്ങാൻ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞു. കഥകളി ക്ലാസ്സിന്റേയും യോഗാ ക്ലാസ്സിന്റേയും ബോറടി മാറ്റാൻ രണ്ട് ദിവസം മഞ്ജുവിന്റെ കൂടെ തടവിൽ കഴിയാൻ പോകുകയാണ് പോലും. അപ്പോൾ ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും.”

പോസ്റ്റിന് താഴെ ചിരിക്കുന്ന ഇമോജിയുമായി മഞ്ജു വാര്യരും രംഗത്തെത്തിയിട്ടുണ്ട്. മധു വാര്യരുടെ ഈ വേറിട്ട ട്രോൾ പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്. സിനിമാ രംഗത്തു നിന്നുള്ള നിരവധി പ്രമുഖരും പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നുണ്ട്.







By admin