1989 മുതലാണ് പി. നാരായണക്കുറുപ്പ് തപസ്യ കലാസാഹിത്യവേദിയുടെ പരിപാടിയില്‍ പങ്കെടുത്തു തുടങ്ങിയത്. അതിന് രണ്ടു വര്‍ഷം മുമ്പു തന്നെ തിരുവനന്തപുരത്ത് കെ.പി. പ്രേമചന്ദ്രന്‍, കെ.പി. മണിലാല്‍, ടി. പത്മനാഭന്‍ നായര്‍, രഘുവര്‍മ്മ എന്നിവരുമായി നിരന്തര സമ്പര്‍ക്കം ഉണ്ടായിരുന്നു. അവിടെ ചില പരിപാടികളില്‍ പങ്കെടുത്തിരുന്നു.
1989 ല്‍ തളിപ്പറമ്പില്‍ നടന്ന തപസ്യയുടെ സംസ്ഥാന പഠനശിബിരത്തിലാണ് ഒരു സംസ്ഥാനതല പരിപാടിയില്‍ ആദ്യമായി പങ്കെടുക്കുന്നത്. അതു മുതല്‍ തപസ്യയുടെ ഭാഗമായി മാറി അദ്ദേഹം. അതേവര്‍ഷം തിരുവനന്തപുരത്ത് നടന്ന 13-ാം വാര്‍ഷികോത്സവത്തിന്റെ സ്വാഗത സംഘം അധ്യക്ഷനായി. തുടര്‍ന്ന് ഒമ്പത് വര്‍ഷം സംസ്ഥാന ഉപാധ്യക്ഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. 1991ല്‍ മഹാകവി അക്കിത്തം നയിച്ച സാംസ്‌കാരിക യാത്രയില്‍ ഉടനീളം കുറുപ്പ് സാര്‍ പങ്കെടുത്തിരുന്നു. 1999 ല്‍ തപസ്യയുടെ അധ്യക്ഷനായി.
വാര്‍ത്തികം മാസികയില്‍ സ്വന്തം പേരില്‍ എഴുതുന്ന ലേഖനങ്ങള്‍ക്ക് പുറമെ ‘നാറാണത്ത്’ എന്ന തൂലികാനാമത്തില്‍ സറ്റയര്‍ കോളം എഴുതിയിരുന്നു. തികച്ചും നിസ്വാര്‍ഥമായി തപസ്യയെ ആത്മാവിലേറ്റിയ കുറുപ്പുസാര്‍ സാംസ്‌കാരിക രംഗത്തെ തന്റെ സൗഹൃദബന്ധങ്ങള്‍ മുഴുവന്‍ തപസ്യക്കായി പ്രയോജനപ്പെടുത്തി. സാംസ്‌കാരിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളോട് ഭാരതീയമായ പരിപ്രേക്ഷ്യത്തില്‍ ശക്തമായി പ്രതികരിച്ചിരുന്നു അദ്ദേഹം. ദേശീയതയോടുള്ള തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധനായിരുന്നു.
നാരായണക്കുറുപ്പിന്റെ കവിതകളില്‍ എന്നും ഒരു കുഞ്ചന്‍ നമ്പ്യാര്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. മലയാള കാവ്യപരമ്പരയിലെ വേറിട്ട ഒരു വഴിയിലൂടെ സഞ്ചരിച്ച കവി. ഭാരതീയ സംസ്‌കാരത്തോട് അടിയുറച്ച ആഭിമുഖ്യം പുലര്‍ത്തിയ നിരൂപകനും ഗദ്യകാരനും. സാഹിത്യ ലോകത്ത് അതിവിപുലമായ വ്യക്തിബന്ധം പുലര്‍ത്തുകയും അതിനോട് ആത്മാര്‍ഥത കാണിക്കുകയും ചെയ്ത പണ്ഡിതനായ സാംസ്‌കാരിക നായകന്‍. ആ ആത്മാവിന് നിത്യശാന്തി നേരുന്നു.