• Sun. Jun 21st, 2026

24×7 Live News

Apdin News

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

Byadmin

Jun 21, 2026



രിഹാസത്തിന്റെ ചാണയിലുരച്ച് മൂര്‍ച്ച കൂട്ടിയ ആ നാരായം നിലച്ചു. ഒഴുക്കിനൊത്ത് നീന്തിയവര്‍ സംസ്‌കാരത്തിന്റെ ശുഭ്രാകാശത്ത് അഴുക്കു പുരട്ടുകയായിരുന്നുവെന്ന് വിളിച്ചുപറഞ്ഞ പി. നാരായണക്കുറുപ്പെന്ന തന്റേടം വിട വാങ്ങിയിരിക്കുന്നു.

‘നിര്‍ത്തുന്നില്ലാ പണി ഞാന്‍,
ജീവിത ശില്‍പം തീര്‍ക്കാന്‍ ഭഗവന്‍
നേടിയ ചിറ്റുളി വീതുളി കൊണ്ടിഹ മാറി-
ച്ചെത്തിയിരിപ്പു, മിനുക്കിയിരിപ്പൂ’ എന്ന് കാലത്തിന് മുന്നേ നടക്കുകയും തനിക്ക് പിന്നാലെ എത്താന്‍ പാടുപെടുന്ന കാലത്തെ തിരുത്തുകയും ചെയ്ത ഒരാള്‍, കവിതയില്‍ സംഗീതത്തെ കൂട്ടിയിണക്കിയ ഒരാള്‍, കവിത തിരുത്തുന്നവന്‍ കവിയായിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ച പ്രിയ കവി. ഓണാട്ടുകരയുടെ മണ്ണില്‍ കവിതയും കഥയും സിനിമയും ചൊല്‍ക്കാഴ്ചകളും മാത്രമല്ല മൂര്‍ച്ചയുള്ള നര്‍മ്മവും വിളയുമെന്ന് ജീവിതം കൊണ്ട് നാരായണക്കുറുപ്പ് കാണിച്ചുതന്നു. ഒടുവില്‍ കാലത്തിന്റെ നെഞ്ചിലേക്ക് ആത്മാവിനെ ചേര്‍ത്തുവച്ച് നമുക്കിടയിലൂടെ ഈ കവി നടന്നുമറഞ്ഞു.

എഴുത്തില്‍ ദര്‍ശനമുണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന എഴുത്തുകാരന്‍. സര്‍വകാലത്തെയും പ്രചോദിപ്പിക്കുന്നതിന് ഈശ്വരന്‍ നിയോഗിച്ച ആളെന്നായിരുന്നു മതം. അതുകൊണ്ട് നാടിനെ പിന്നോട്ടടിക്കുന്ന എഴുത്തിനെയും എഴുത്തുകാരെയും പിന്തുടര്‍ന്ന് തിരുത്തി. പലരെയും രൂക്ഷമായ പരിഹാസത്തിന്റെ ശരം തൊടുത്ത് ശാസിച്ചു. ലബ്ധപ്രതിഷ്ഠരും സിദ്ധഹസ്തന്മാരും പ്രശസ്തിയുടെ കൊടുമുടി താണ്ടിയവരുമൊക്കെ ആ നിരൂപണ ശരത്തില്‍ പിടഞ്ഞ് അഹന്ത വെടിഞ്ഞു. അപൂര്‍വം ചിലര്‍ അലോസരം കൊണ്ട് മുഖം വീര്‍പ്പിച്ചു. ‘പരിഹാസത്തിലെ ഹാസം മനസ്സിലാകാതെ പോയവര്‍’ എന്ന് കവി അവരെക്കുറിച്ച് പരിതപിച്ചു. ഇടത്തോട്ട് ചരിഞ്ഞുവീണ ഒരു തലമുറയെ നേര്‍വഴിയിലേക്ക് നയിക്കുകയാണ് കേരളത്തിന്റെ സാംസ്‌കാരിക ദൗത്യമെന്ന് പറയുകയും ചെയ്തു.

തപസ്സില്‍ നിന്നാണ് രാഷ്‌ട്രമുണ്ടായതെന്നും, ത്യാഗമാണ് അതിന്റെ അടിസ്ഥാനമെന്നും ത്യാഗത്തിനുപാധി തപസ്യയാണെന്നും കുറുപ്പ് സാര്‍ സമര്‍ത്ഥിച്ചു. കഥയറിയാതെ ആട്ടം കാണുന്ന സമകാല സാംസ്‌കാരികലോകത്തിന്റെ തമസ്‌കരണ ഭീഷണികളെ ആര്‍ജവം കൊണ്ടു ചെറുക്കുകയും കളിവിളക്കിന്റെ തെളിച്ചത്തെയും സംസ്‌കൃതിയെയും പുതുകാലത്തിന് പകരുകയും ചെയ്തിരുന്നു. കലയുടെ എല്ലാ തലങ്ങളെയും നാരായണക്കുറുപ്പിന്റെ നാരായം സ്പര്‍ശിച്ചു. അത് കേവലസ്പര്‍ശമായിരുന്നില്ല. കലയുടെ ആത്മാവിനെ അറിഞ്ഞവന്റെ സ്പര്‍ശമായിരുന്നു. നാടന്‍പാട്ടിന്റെ ശീലുകളും കഥകളിയുടെ മുദ്രാഭിനയ ചാരുതയും സോപാനത്തിന്റെ സംസ്‌കൃതനാടക അരങ്ങുകളുമൊക്കെ ഒരുപോലെ വഴങ്ങുന്ന അപൂര്‍വ കലാനിധിയായിരുന്നു ഈ കവി.

വിട്ടുവീഴ്ചയില്ലാത്ത ദേശീയബോധത്തിന്റെ പ്രതിഫലനമായിരുന്നു ആ ചിന്തകള്‍. കവിയും കലാകാരനും സംഘടിക്കേണ്ടത് രാഷ്‌ട്രത്തിന് വേണ്ടിയാകണമെന്നും, വര്‍ത്തമാനകാലത്തെ ആശ്രമവാടങ്ങളാകണം കലാകാരന്റെ മനസ്സെന്നും ഓര്‍മ്മിപ്പിച്ചു. ഒത്തുചേര്‍ന്ന ഇടങ്ങളിലൊക്കെ ചെറിയ വാക്കുകളില്‍ ആ ചിന്തകള്‍ ചിതറിവീണു. സംസ്‌കാരത്തിന്റെ എതിര്‍ചേരികളില്‍ നിലയുറപ്പിച്ചവര്‍ക്ക് സാംസ്‌കാരിക നായകരാകാന്‍ എന്തര്‍ഹതയെന്ന് ചങ്കുറപ്പോടെ ചോദിച്ചു. സമൂഹത്തെ സംസ്‌കാരത്തിന്റെ വഴിയേ നയിക്കുന്നവരാണ് യഥാര്‍ത്ഥ സാംസ്‌കാരിക നായകരെന്നും, അല്ലാത്തവരെ അങ്ങനെ വിശേഷിപ്പിക്കുന്നത് പിന്നാലെ വരുന്ന തലമുറയോടുള്ള പാതകമായിരിക്കുമെന്നും ഓര്‍മ്മിപ്പിച്ചു.

നിഷേധാത്മകതയുടെയും പാരമ്പര്യ നിരാസത്തിന്റെയും വഴിയേ നാടിനെ കൊണ്ടുപോയിക്കളയാമെന്ന് കരുതുന്നവര്‍ രാക്ഷസരാണെന്നായിരുന്നു കുറുപ്പ് സാറിന്റെ ദൃഢമായ അഭിപ്രായം. അത്തരക്കാരുടെ ചിന്തകള്‍ക്ക് ഇടം നല്‍കുന്ന വേദികളും താളുകളും നാടിനെ പിറകോട്ടുനയിക്കുമെന്ന് ആരെയും ഭയക്കാതെ വിളിച്ചുപറഞ്ഞു. നിര്‍ഭയമായ ആ കലാസാഹിത്യ സംഘടനാജീവിതം കാലത്തോടുചേരുമ്പോഴും കവിക്കൊപ്പം നടന്നവര്‍ക്ക്,
‘ശില്‍പ്പരഹസ്യം അപൂര്‍ണതയാണെ-
ന്നറിയാന്‍മാത്രം മൂത്തവനാണീ ശില്‍പ്പി
നിലയ്‌ക്കില്ലിത്തിരുനടയില്‍
കൊട്ടുവടിപ്രഹരത്തുടിനാദം’.

By admin