• Sun. Jun 21st, 2026

24×7 Live News

Apdin News

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

Byadmin

Jun 21, 2026


സാന്റ ക്ലാര: ഈ ലോകകപ്പിന്റെ ഏറ്റവും വേഗമേറിയ ഗോളിന്റെ കരുത്തില്‍ തുര്‍ക്കിയെ കീഴടക്കി പാരഗ്വെ. കളി തുടങ്ങി 65-ാം സെക്കന്റില്‍ മാറ്റിയാസ് ഗലാര്‍സ നേടിയ ഗോളിലാണ് പാരഗ്വെ ഗ്രൂപ്പ് ഡിയില്‍ തങ്ങളുടെ ആദ്യ വിജയം നേടിയത്.

ലോകകപ്പ് ചരിത്രത്തില്‍ ഒരു തെക്കേ അമേരിക്കന്‍ ടീം നേടുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഗോളാണിത്. 1998-ല്‍ നൈജീരിയക്കെതിരെ 52 സെക്കന്‍ഡില്‍ പാരഗ്വെയുടെ സെല്‍സോ അയാല ഗോള്‍ നേടിയിരുന്നു. ആദ്യപകുതിയുടെ പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റില്‍ മിഗ്വല്‍ അല്‍മിറോണ്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായാണ് പാരഗ്വെ കളിച്ചത്. എന്നിട്ടും പാരഗ്വെ പ്രതിരോധം തകര്‍ത്ത് സമനില ഗോള്‍ കണ്ടെത്താന്‍ തുര്‍ക്കിക്ക് കഴിഞ്ഞില്ല. ഇതോടെ കളിച്ച രണ്ട് കളികളും പരാജയപ്പെട്ട് തുര്‍ക്കി നോക്കൗട്ടില്‍ കടക്കാതെ പുറത്തായി. നാടകീയ രംഗങ്ങളുടെയും പുതിയ ഫിഫ നിയമം മൈതാനത്ത് നടപ്പിലാക്കിയതിന്റെയും പശ്ചാത്തലത്തില്‍ക്കൂടി മത്സരം ശ്രദ്ധേയമായി.

ആദ്യപകുതിയുടെ പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റിലാണ് നാടകീയ രംഗത്തിന് ലെവിസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കളിക്കളത്തില്‍ ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് പാരഗ്വെ താരം മിഗ്വല്‍ അല്‍മിറോണിനെതിരേ റഫറി ചുവപ്പുകാര്‍ഡെടുത്തു. ഈ ലോകകപ്പിലെ എട്ടാമത്തെ ചുവപ്പുകാര്‍ഡാണിത്.

പരസ്യമായി വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന കളിക്കാര്‍ക്ക് ചുവപ്പുകാര്‍ഡ് നല്‍കണമെന്ന് ഫിഫ നടപ്പാക്കിയ പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.
ഇതോടെ പാരഗ്വെ പത്തുപേരായി ചുരുങ്ങി. തുര്‍ക്കി താരം മെര്‍ട്ട് മുള്‍ഡറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതിനിടെ പാരഗ്വെ മിഡ്ഫീല്‍ഡര്‍ മിഗ്വല്‍ അല്‍മിറോണ്‍ വായ പൊത്തി സംസാരിച്ചു. നടപടി ആവശ്യപ്പെട്ട് മെര്‍ട്ട് മുള്‍ഡര്‍ റഫറിയെ സമീപിച്ചതോടെ വിഎആര്‍ പരിശോധനയ്‌ക്കു ശേഷം മിഗ്വല്‍ അല്‍മിറോണിന് റെഡ് കാര്‍ഡ് നല്‍കുകയായിരുന്നു. വായ പൊത്തി സംസാരിച്ചതിന് ലോകകപ്പില്‍ റെഡ് കാര്‍ഡ് ലഭിക്കുന്ന ആദ്യ കളിക്കാരനാണ് മിഗ്വല്‍ അല്‍മിറോണ്‍.

കളിയില്‍ 78.5 ശതമാനവും പന്ത് കൈവശം വയ്‌ക്കുകയും അഞ്ച് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉള്‍പ്പെടെ 32 തവണ ഷോട്ടുതിര്‍ക്കുകയും ചെയ്തിട്ടും തുര്‍ക്കിക്ക് പാരഗ്വെ പോസ്റ്റില്‍ പന്തെത്തിക്കാനായില്ല. പത്തുപേരായി ചുരുങ്ങിയിട്ടും പരാഗ്വെ പ്രതിരോധനിരയും ഗോളിയും മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് തുര്‍ക്കി മുന്നേറ്റങ്ങളെല്ലാം വിഫലമായത്.

അര്‍ദ ഗുലറുടെ ഫ്രീകിക്കുകളും കെനാന്‍ യില്‍ദിസിന്റെ വിങ്ങിലൂടെയുള്ള മുന്നേറ്റങ്ങളും പാരഗ്വെയെ വിറപ്പിച്ചു. മുല്‍ദൂര്‍ തൊടുത്ത ഒരു ഹെഡ്ഡര്‍ ക്രോസ് ബാറിലും പോസ്റ്റിലുമായി ഇടിച്ച് തെറിച്ചതും പകരക്കാരനായി വന്ന ഗുലിന്റെ ഹെഡ്ഡര്‍ ഗോളി കൈപ്പിടിയിലൊതുക്കിയതുമെല്ലാം തുര്‍ക്കി ടീമിന് തിരിച്ചടിയായി. ഇതിനിടെ തുര്‍ക്കി പരിശീലകന്‍ വിന്‍സെന്‍സോ മോണ്ടെല്ല റഫറിയോട് തര്‍ക്കിച്ചതിന് മഞ്ഞക്കാര്‍ഡ് വാങ്ങി. കളിയുടെ അവസാന മിനിറ്റുകളിലും പരിക്ക് സമയത്തും ലഭിച്ച നിരവധി അവസരങ്ങളും ലക്ഷ്യം കാണാതിരുന്നതോടെ തുടര്‍ച്ചയായ രണ്ടാം കളിയിലും തോറ്റ് ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്താവാനായിരുന്നു അവരുടെ വിധി.



By admin