• Sun. Jun 21st, 2026

24×7 Live News

Apdin News

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

Byadmin

Jun 21, 2026



ഭാരതത്തിന്റെ അനന്യ പാരമ്പര്യമായ യോഗയെ ലോകവേദിയായ ഐക്യരാഷ്‌ട്രസഭയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന വ്യക്തി. ആഡംബരവും ഔപചാരികതയും മാറ്റി നിര്‍ത്തിയ ലളിതജീവിതം.

ശിഷ്യഗണങ്ങള്‍ ഗുരു ദിലീപ്ജി എന്നും ഗുരുജി എന്നും വിളിക്കുന്ന മലയാളിയായ ഗുരു ദിലീപ്കുമാര്‍ തങ്കപ്പന്‍, ആധുനിക ഭാരതം ലോകത്തിനു നല്‍കിയ അതുല്യ സംഭാവനകളിലൊന്നായ അന്താരാഷ്‌ട്ര യോഗദിനത്തിന്റെ പിന്നിലെ നിശ്ശബ്ദ ശക്തിയാണ്. കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തില്‍ വളര്‍ന്ന ബാല്യകാലം മുതല്‍ ന്യൂയോര്‍ക്കിലെ ജിംനേഷ്യങ്ങളിലും പള്ളികളിലും ഐക്യരാഷ്‌ട്രസഭയുടെ വേദികളിലും, ഹിമാലയത്തിലെ ഗുഹകളിലും വരെ കഴിഞ്ഞതിന്റെ ജീവിതാനുഭവങ്ങള്‍. ഒരു സാധാരണക്കാരനില്‍ നിന്ന് ആത്മാര്‍ഥ പരിശ്രമത്തിന്റെയും ആത്മസാധനയുടെയും ബലത്തില്‍ ആത്മീയ ഉയരങ്ങളിലെത്തിയ ഒരു മനുഷ്യന്റെ പ്രചോദനാത്മകമായ കഥയാണ്.

എറണാകുളത്തെ ദിലീപ്ജിയുടെ വസതിയായ ‘യോഗഭവനി’ ലാണ് ഈ സംഭാഷണം നടന്നത്. ഒരു സാധാരണ വീടിനേക്കാള്‍, ജീവിതചര്യയുടെ തുടര്‍ച്ചയായി മാറിയ ഒരിടം. നിശ്ചയിച്ച ദിവസം ദിലീപ്ജി തന്റെ വിശാലമായ സ്വീകരണ മുറിയിലേക്ക് എന്നെ കൈകൂപ്പി സഹര്‍ഷം സ്വാഗതം ചെയ്തു. ചുറ്റിലും നിറഞ്ഞിരുന്ന വലിയ ജാലകങ്ങളിലൂടെ ഒഴുകിയെത്തിയ സൂര്യ രശ്മികള്‍ ആ മുറിയാകെ പ്രകാശപൂരിതമാക്കി. സ്‌നേഹപൂര്‍വ്വമായ സൗമ്യതയോടെ സോഫയില്‍ തന്റെ സമീപത്ത് ഇരിക്കാന്‍ എന്നെ ക്ഷണിച്ചു. ലഘുഭക്ഷണങ്ങളും തണുത്ത നാരങ്ങാവെള്ളവും നല്‍കി. ഒരു അന്താരാഷ്‌ട്ര യോഗാ ഗുരുവെന്ന നിലയിലല്ല, വളരെ അനുകമ്പയോടെ തന്റെ ഒരു സഹോദരനോട് എന്നപോലെയാണ് ഗുരുജി എന്നോട് സംസാരിച്ചത്.

ഔപചാരികമായ അഭിമുഖം തുടങ്ങുന്നതിന് മുമ്പ്, ഒന്നാം നിലയിലെ വലിയ ഹാളിലേക്ക്, പതിവായി യോഗ ക്ലാസുകള്‍ നടത്തുന്നയിടത്തേക്ക് എന്നെ കൊണ്ടുപോയി. വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരുന്ന ആ മുറിയാകെ കത്തിച്ചു വച്ചിരുന്ന സാംബ്രാണിയില്‍ നിന്നും ചന്ദന സുഗന്ധം വ്യാപിച്ചിരുന്നു. നിരവധിയാളുകളുടെ നിരന്തര ധ്യാനത്തിന്റെയും യോഗാഭ്യാസങ്ങളുടെയും അനുകൂല ഊര്‍ജം അവിടമാകെ നിറഞ്ഞിരുന്നതായി തോന്നി. ശാരീരിക അഭ്യാസങ്ങള്‍ക്കപ്പുറം തങ്ങളുടെ ജീവിതത്തെയാകെ രൂപാന്തരം ചെയ്യാന്‍ സാധകര്‍ ഒന്നിച്ചുകൂടുന്ന ഒരു അതുല്യ സ്ഥലം. ദിലീപ്ജിക്ക് യോഗ വെറും സിദ്ധാന്തങ്ങള്‍ മാത്രമല്ല, മനുഷ്യ ജീവിതത്തെ പവിത്രീകരിക്കുന്ന മഹത്തായ പ്രായോഗിക ചര്യകളാണ്.

തന്റെ ജീവിതവും ദര്‍ശനവും രൂപപ്പെടുത്തിയ അനുഭവങ്ങളുടെ പ്രതിഫലനങ്ങളാണ് ദിലീപ്ജിയുടെ വാക്കുകള്‍. മറ്റൊരു അന്താരാഷ്‌ട്ര യോഗദിനത്തിനു ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ നടന്ന ഈ സംഭാഷണത്തില്‍, തന്റെ ബാല്യം, വേരുകള്‍, ഗുരുക്കന്മാര്‍, യഥാര്‍ത്ഥ ആത്മീയത, തന്റെ വിശ്വാസങ്ങള്‍, ഇവയെല്ലാം തുറന്ന മനസ്സോടെയും ആത്മാര്‍ത്ഥമായും എന്നോട് പങ്കുവച്ചു.

ദിലീപ്ജി, അങ്ങയുടെ ബാല്യകാലത്തെക്കുറിച്ചും ആത്മീയ യാത്രയെക്കുറിച്ചും പറയാമോ?

മതപരിവര്‍ത്തനം ചെയ്യപ്പെട്ട് ക്രൈസ്തവരായ അച്ഛന്റെയും ഒരു ഹിന്ദു കുടുംബത്തില്‍ ജനിച്ച അമ്മയുടെയും പ്രണയവിവാഹമായിരുന്നു. രണ്ടു കുടുംബങ്ങളില്‍ നിന്നുമുള്ള ശക്തമായ എതിര്‍പ്പുകള്‍അവരെ കൂടുതല്‍ കരുത്തരാക്കി. ചുരുക്കി പറഞ്ഞാല്‍ സമ്മര്‍ദ്ദത്തില്‍ രൂപപ്പെട്ട വജ്രങ്ങളായിരുന്നു അവര്‍.

എന്റെ ആത്മീയ യാത്ര, ഞാന്‍ അതേക്കുറിച്ചു ബോധവാനാകുന്നതിനു എത്രയോ ജന്മങ്ങള്‍ക്കുമുമ്പേ ആരംഭിച്ചതായി കരുതുന്നു. പള്ളികളിലും ക്ഷേത്രങ്ങളിലും ഒരു ആശയക്കുഴപ്പവുമില്ലാതെഞാന്‍ സ്വാഭാവികമായി ദര്‍ശനം നടത്തിയിരുന്നു. രണ്ടു പവിത്ര സ്ഥാനങ്ങളെയും ആദരിച്ചിരുന്ന എനിക്ക് ഒരിക്കലും സംഘടിത മതങ്ങളോട് ആകര്‍ഷണം ഉണ്ടായില്ല. യേശുവിന്റെ ഉപദേശങ്ങളെ ആഴത്തില്‍ ആദരിച്ചിരുന്നുവെങ്കിലും പള്ളിമതത്തോട് ഒരിക്കലും ചേര്‍ന്നുനില്‍ക്കാനായില്ല.

എന്റെ മറ്റൊരു സ്വാധീനം ഞാന്‍ വളര്‍ന്ന സാഹചര്യമാണ്. സുഹൃത്തുക്കളിലും ബന്ധുക്കളിലും ഏറ്റവും ഇളയവനായിരുന്ന എന്നോട് എല്ലാവരും കരുതലോടെയും കാരുണ്യത്തോടെയും സ്‌നേഹത്തോടെയും പെരുമാറി. മാതാപിതാക്കള്‍ ജോലിക്കുപോയിരുന്നപ്പോള്‍ അയല്‍വാസികളും സുഹൃത്തുക്കളുടെ കുടുംബങ്ങളും എന്നെ പരിചരിക്കുമായിരുന്നു. വാസ്തവത്തില്‍ ഒരു വീടല്ല, ഒരു സമൂഹമാകെയാണ് എന്നെ വളര്‍ത്തി വലുതാക്കിയത്. ആ അനുഭവം, നാമെല്ലാവരും പരസ്പരം ബന്ധിപ്പിക്കപ്പെട്ടവരാണെന്ന ബോധം എന്നിലുണ്ടാക്കുകയും, അത് എന്റെ പില്‍ക്കാല ലോകദര്‍ശനത്തെ രൂപപ്പെടുത്തുകയും ചെയ്തു.

ദിലീപ്ജി മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റനൊപ്പം, # ദിലീപ്ജിയും മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും

താങ്കളെ ആഴത്തില്‍ സ്വാധീനിച്ച ഏതെങ്കിലും ബാല്യകാല സംഭവം ഓര്‍ക്കുന്നുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. ഒരു സംഭവം ഞാന്‍ ഒരിക്കലും മറക്കില്ല. എനിക്ക് മൂന്നര വയസ്സുമാത്രമുണ്ടായിരുന്നപ്പോള്‍, താമസിച്ചിരുന്ന കെട്ടിടത്തിന്റെ വാടക വര്‍ധിപ്പിക്കാനും വടകക്കാരനെ ഒഴിപ്പിക്കാനുമായി വീട്ടുടമയുടെ മകന്‍ മനപ്പൂര്‍വ്വം ഞങ്ങള്‍ താമസിച്ചിരുന്ന വീടിനു തീ കൊളുത്തി. അതിവേഗത്തില്‍ പടരുന്ന തീ നാളങ്ങള്‍ക്കിടയില്‍ ഞാന്‍ വീട്ടിനകത്ത് കുടുങ്ങിയപ്പോള്‍ എല്ലാവരും ഓടിപ്പോയി.

ഞാന്‍ വാവിട്ടു കരഞ്ഞു നിലവിളിച്ചത് ആരും കേട്ടില്ല. എന്നാല്‍ എന്റെ സഹോദരി പെട്ടെന്നു എന്നെ ഓര്‍ത്ത് തിരിഞ്ഞോടിവന്ന് വീട്ടിലേക്ക് കുതിച്ചുകയറി തീ നാളങ്ങള്‍ക്കിടയില്‍ കിടന്നു കരയുന്ന എന്റെ കാലില്‍ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ടുവന്നു. ആ ആളിക്കത്തുന്ന തീയുടെ ദൃശ്യം ഒരിക്കലും എന്റെ മനസ്സില്‍നിന്നു മായില്ല.

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം, 1989-ല്‍, ഒരു ആത്മീയ ഗുരു ”ഇപ്പോഴും നീ നിന്റെയുള്ളില്‍ ആ തീ കൊണ്ടുനടക്കുന്നുണ്ടോ?” എന്നു ചോദിച്ചപ്പോള്‍ ഞാന്‍ ”ഉവ്വ്” എന്നു പറഞ്ഞു. ആ മറക്കാനാകാത്ത അനുഭവം, മനുഷ്യര്‍ പരസ്പരം പണത്തിനായി കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍, അക്രമങ്ങള്‍ ഇവയെക്കുറിച്ചൊക്കെ തീവ്രമായി ആലോചിക്കാന്‍ എന്നെ ഏറെ പ്രേരിപ്പിച്ചു. അത്തരം ചോദ്യങ്ങള്‍ എന്റെ അന്തര്‍യാത്രയെ വളരെയേറെ സഹായിച്ചിട്ടുണ്ട്.

വളരെ ചെറുപ്പത്തിലെതന്നെ യോഗാഭ്യാസങ്ങള്‍ പരിശീലിച്ചു തുടങ്ങാന്‍ അങ്ങയെ ആരായിരുന്നു പ്രേരിപ്പിച്ചത്?

എന്റെ ആദ്യ ഗുരുക്കന്മാര്‍ ദിനംപ്രതി യോഗ അഭ്യസിച്ചിരുന്ന എന്റെ മാതാപിതാക്കളാണ്. അമ്മയ്‌ക്ക് ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്നതിനാല്‍ അമ്മയെ യോഗ അഭ്യസിക്കാന്‍ പ്രേരിപ്പിച്ചതോടൊപ്പം അച്ഛന്‍ ഹോമിയോപ്പതി ചികിത്സകള്‍ പിന്തുടരാനും നിര്‍ദ്ദേശിച്ചിരുന്നു. പിന്നെ എന്റെ ജനന ശേഷം ഇരുപത്തേഴു വര്‍ഷത്തിനു ശേഷമാണ് അമ്മ മരിച്ചത്.

ഒരിക്കലും യോഗാഭ്യാസം ഒരു കര്‍ശന ശാസനയായി അവതരിപ്പിക്കരുത്, മറിച്ച് അത് നിത്യജീവിതത്തിന്റെ ഭാഗമായി മാറണം. കാലക്രമേണ ഞാന്‍ യോഗയോടൊപ്പം പല പാരമ്പര്യരീതികളിലും- മാഗ്‌നറ്റോ തെറാപ്പി, പ്രകൃതി ചികിത്സ-ആകൃഷ്ടനായി എന്നു മാത്രമല്ല കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം, ശിവാനന്ദ ആശ്രമം, പ്രശസ്തനായ ഡോ. എച്ച്. ആര്‍. നാഗേന്ദ്ര ഇവരില്‍ നിന്നൊക്കെ വ്യത്യസ്ത രീതികള്‍ മനസ്സിലാക്കി. തുടര്‍ന്നാണ് ഞാന്‍, ഒരു പാരമ്പര്യത്തില്‍ മാത്രം പരിമിതപ്പെടുത്താത്ത യോഗ ക്ലാസുകള്‍ ആരംഭിച്ചത്.

താങ്കളുടെ ജനനത്തിന് മുമ്പേ ജീവന്‍ രക്ഷിച്ച മൂന്ന് ഗുരുക്കന്മാരെക്കുറിച്ച് താങ്കള്‍ പലപ്പോഴും പറയാറുണ്ടല്ലോ?

അതെ ശരിയാണ്. എന്നെ ഗര്‍ഭം ധരിക്കുമ്പോള്‍ കുടുംബത്തില്‍ അതിനകം രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അച്ഛന്‍ ഗര്‍ഭച്ഛിദ്രം നിര്‍ദ്ദേശിച്ചപ്പോള്‍ അമ്മ അതിനെ ശക്തിയായി എതിര്‍ത്തു. ഞങ്ങളുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു ഭക്തനായ ഡോക്ടറിലൂടെ അമ്മ ഉപദേശം തേടിയപ്പോള്‍, ”ഈ കുഞ്ഞിനെ കൊല്ലരുത്; അവന്‍ ഒരു യോഗിയാകും” എന്നായിരുന്നുവത്രേ സത്യസായി ബാബ പറഞ്ഞത്.

അത്ഭുതമെന്നുപറയട്ടെ, ഇതേ സന്ദേശം മറ്റു രണ്ടു ആത്മജ്ഞാനികളില്‍ നിന്നുമെത്തിയത്രേ. അമ്മയുടെ ബന്ധുവായ ഗുരു നിത്യചൈതന്യയതിയില്‍ നിന്നും അന്ന് തൃപ്പൂണിത്തുറ പൂര്‍ത്ത്രയീശ ക്ഷേത്രത്തിനടുത്ത് താമസിച്ചിരുന്ന മൗനസന്ന്യാസിയായ പ്രഭാകര സിദ്ധ യോഗിയില്‍നിന്നും. മൂന്ന് ശബ്ദങ്ങളായിരുന്നെങ്കിലും അവരെല്ലാം നല്‍കിയത് ഒരേ സന്ദേശമായിരുന്നു. ഞാന്‍ ഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പേ മൂന്ന് ആത്മനിഷ്ടരായ ആത്മാക്കളാല്‍ ജീവന്‍ സംരക്ഷിക്കപ്പെട്ടത് ഒരു അപൂര്‍വ അനുഗ്രഹമായി ഞാന്‍ കാണുന്നു.

123 വയസ്സുണ്ടായിരുന്ന പ്രസിദ്ധ ഹഠയോഗി സ്വാമി ബുവാജിയുമായി താങ്കള്‍ക്കുണ്ടായിരുന്ന അടുത്ത ബന്ധത്തെക്കുറിച്ച് പറയാമോ?

എന്റെ ബാല്യത്തില്‍ തൃപ്പൂണിത്തുറയില്‍ വച്ചാണ് സ്വാമി ബുവാജിയെ ആദ്യമായി കണ്ടത്. പിന്നീട് അമേരിക്കയിലേക്ക് താമസം മാറിയ ശേഷം അവിടെ വീണ്ടും കണ്ടുമുട്ടാനിടയായി. എന്റെ ശരീരത്തിലെ അതുല്യമായ ഒരു ജന്മചിഹ്നം വഴി ബുവാജി എന്നെ ഉടന്‍ തിരിച്ചറിഞ്ഞു, പിന്നെ വളരെ അടുത്തിടപഴകി.

സ്വാമി ശിവാനന്ദയുടെ ബന്ധുവായിരുന്ന ബുവാജിയുടെ ജീവിതം യോഗശക്തിയുടെ സാക്ഷ്യമായിരുന്നു. ശിവാനന്ദസ്വാമിയുടെ ആദ്യകാല ശിഷ്യന്മാരില്‍ പലരെയും ഹഠയോഗം പഠിപ്പിച്ചതും, സത്യസായി ബാബയെ സംസ്‌കൃതവും യോഗവും പഠിപ്പിച്ചതും, ഇറാനിലെ ഷായുടെ കൊട്ടാര ഗുരുവായി സേവനവും ചെയ്ത ബുവാജി തൊണ്ണൂറിലധികം തവണ ലോകമാകെ യാത്ര ചെയ്തു. 120 വയസ്സ് കഴിഞ്ഞിട്ടും ജീവശക്തി വിവരണാതീതമായിരുന്നു. 2008ല്‍ സ്വാമി ബുവാജിയാണ് എനിക്ക് ഔപചാരിക സന്ന്യാസദീക്ഷ നല്‍കിയത്, സ്വാമി ദീക്ഷ നല്‍കിയ ഒരേയൊരു വ്യക്തി.

ദിലീപ്ജി ഐക്യരാഷ്‌ട്രസഭയുടെ വേദിയില്‍

അന്താരാഷ്‌ട്ര യോഗദിനത്തിന്റെ പിന്നിലെ പ്രധാന ശക്തികളിലൊരാളായി മാറിയ അങ്ങയുടെ യാത്രയെക്കുറിച്ചു പറയാമോ?

1980 കളുടെ അവസാനം 1990 കളുടെ തുടക്കത്തിലും തൃപ്പൂണിത്തുറയില്‍ യോഗക്ലാസുകള്‍ പ്രഖ്യാപിച്ച് ഞാന്‍ ഒട്ടിച്ചിരുന്ന കൈയെഴുത്ത് പോസ്റ്ററുകള്‍ പലപ്പോഴും ആളുകള്‍ കീറിക്കളയുമായിരുന്നു. തുടക്കത്തില്‍ ആളുകള്‍ യോഗയെ സംശയത്തോടെയാണ് കണ്ടിരുന്നതെങ്കിലും പതിയെപതിയെ യോഗാഭ്യാസികളുടെ ചെറിയ കൂട്ടങ്ങള്‍ രൂപപ്പെട്ടുവന്നു. ഞാന്‍ ആദ്യം ആരോഗ്യകാര്യങ്ങളിലാണ് ഊന്നല്‍ നല്‍കിയതെങ്കിലും ക്രമേണ യോഗയിലെ ദാര്‍ശനിക ആശയങ്ങള്‍ പരിചയപ്പെടുത്തിത്തുടങ്ങി. 1993ല്‍ എന്റെ നാട്ടില്‍ ഒന്നാം ലോക യോഗ ആഘോഷങ്ങള്‍ക്കും (1st World Yoga Festival) ലോക യോഗ ദിന (World Yoga Day) പ്രസ്ഥാനത്തിനും ആരംഭം കുറിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം, 1999 ല്‍ ന്യൂയോര്‍ക്കില്‍ യോഗ പഠിപ്പിക്കുമ്പോഴാണ് യോഗയ്‌ക്ക് ഐക്യരാഷ്‌ട്രസഭ വഴി ആഗോള അംഗീകാരം ലഭിക്കണം എന്ന ചിന്ത എന്നില്‍ ഉടലെടുത്തത്. ആ ഉദ്യമത്തിന് പിന്തുണ തേടി ജഗദ്ഗുരു സ്വാമി ബുവാജി മഹാരാജ്, ഐക്യരാഷ്‌ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍, മുന്‍ കേന്ദ്രമന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ്, വ്യാസ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറും ലോകപ്രശസ്ത യോഗ ആചാര്യനുമായ ഡോ. എച്ച്. ആര്‍. നാഗേന്ദ്ര, ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ഗുരു ശ്രീ ശ്രീ രവിശങ്കര്‍, മുന്‍ സിബിഐ ഡയറക്ടര്‍ ഡി.ആര്‍. കാര്‍ത്തികേയന്‍ തുടങ്ങി നിരവധി പ്രമുഖരെ സമീപിച്ചിരുന്നു.

2014 ല്‍ നരേന്ദ്ര മോദിജി ഭാരത പ്രധാനമന്ത്രിയായപ്പോള്‍ ഈ ആശയം ഉടന്‍ സ്വീകരിക്കുകയും, ഐക്യരാഷ്‌ട്രസഭയില്‍ നടത്തിയ ഒരു പ്രസംഗത്തിലൂടെ അന്താരാഷ്‌ട്ര യോഗദിനത്തിന്റെ പ്രാധാന്യം ലോകത്തിനെയാകെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കൊണ്ടുവന്ന പ്രമേയം ഐക്യരാഷ്‌ട്രസഭാ ജനറല്‍ അസംബ്ലിയില്‍ 177 രാജ്യങ്ങളുടെ പിന്തുണയോടെ ഏകകണ്ഠമായി പാസായി. ഐക്യരാഷ്‌ട്രസഭയുടെ ചരിത്രത്തില്‍ ഒരു പ്രമേയത്തിനു ലഭിച്ച ഏറ്റവും ഉയര്‍ന്ന പിന്തുണ. അന്നത്തെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും, ആദ്യ ആഗോള അന്താരാഷ്‌ട്ര യോഗദിന ആഘോഷം 2015 ല്‍ അരങ്ങേറുകയുമായിരുന്നു.

ഐക്യരാഷ്‌ട്രസഭയുടെ അംഗീകാരം ലഭിച്ചതിന് ശേഷം പാശ്ചാത്യ ലോകത്ത് യോഗയ്‌ക്ക് ലഭിച്ച പ്രതികരണം എങ്ങനെയായിരുന്നു?

നിയമപരമായ അംഗീകാരം ലഭിച്ചത് യോഗക്ക് വിശ്വാസ്യത നല്‍കുകയും ദിവസങ്ങള്‍ക്കുള്ളില്‍ അത് ഒരു വലിയ ജനകീയ പ്രസ്ഥാനമായി മാറുകയും ചെയ്തു. മുസ്ലിങ്ങളുടെ പങ്കാളിത്തത്തോടെ ഈജിപ്തിലെ പിരമിഡുകള്‍ക്കുള്ളിലും, പല ഭൂഖണ്ഡങ്ങളിലേയും നിരവധി മുസ്ലിം-ക്രിസ്ത്യന്‍ പള്ളികളിലും ഞാന്‍ യോഗ സെഷനുകള്‍ നടത്തിയിട്ടുണ്ട്. ആളുകള്‍ക്ക് അഭ്യസിക്കാനവസരം ഉണ്ടാക്കുക, ഗുണഫലങ്ങള്‍ അനുഭവിക്കുമ്പോള്‍ സ്വാഭാവികമായി അവര്‍ യോഗയെ തങ്ങളുടെ ജീവിത രീതിയാക്കി മാറ്റിക്കൊള്ളും. ഇതാണ് എന്റെ രീതി. അല്ലാതെ വെറും ഉപദേശപ്രഭാഷണം കൊണ്ടുമാത്രം കാര്യമില്ല.

താങ്കള്‍ കര്‍ശനമായ മതരീതികളെക്കാള്‍ സാര്‍വ്വജനീന ആത്മീയതയെ ശക്തമായി പിന്തുണയ്‌ക്കുന്നുവല്ലോ?

മതങ്ങള്‍ മനുഷ്യന്‍ സൃഷ്ടിച്ച ഘടനകളാണ്, എന്നാല്‍ ആത്മീയത ബ്രഹ്‌മാണ്ഡത്തിന്റെ അല്ലെങ്കില്‍ പ്രകൃതിയുടെ സ്വഭാവത്തില്‍ തന്നെ ഉള്‍ച്ചേര്‍ന്ന ഒന്നാണ്. സനാതന ധര്‍മ്മം മുന്നോട്ടുവയ്‌ക്കുന്ന ആശയമായ ”വസുധൈവ കുടുംബകം” (ലോകം ഒരുകുടുംബമാണ്), മതങ്ങള്‍ക്കും രാജ്യങ്ങള്‍ക്കുമപ്പുറം മുഴുവന്‍ മനുഷ്യകുലത്തിനുള്ള ആഹ്വാനമാണ്.

എല്ലാവരെയും ഉള്‍പ്പെടുത്തുമ്പോള്‍ സാന്ദ്രമായ പ്രതികരണമാണ് ആളുകളില്‍ നിന്നും ലഭിക്കുന്നത്. അതുകൊണ്ടാണ് ആഗോള തലത്തില്‍ നമ്മുടെ പ്രധാനമന്ത്രി മോദിജിക്ക് അതുല്യ സ്വീകാര്യത ലഭിക്കുന്നത്. പക്ഷേ മതങ്ങള്‍ തങ്ങളുടെ വീക്ഷണം മാത്രം സത്യമെന്ന് അവകാശപ്പെടുമ്പോള്‍ സംഘര്‍ഷം ഉടലെടുക്കും.

എല്ലാ മഹാഗുരുക്കന്മാരും, ദേശകാലസംസ്‌കാര വ്യത്യാസങ്ങള്‍ക്കതീതരായി വിവിധ യുഗങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും അനുയോജ്യമായ രൂപങ്ങളിലായി ഒരേ അടിസ്ഥാന സത്യമാണ് വെളിപ്പെടുത്തിയത്. നാം ഇത് തിരിച്ചറിഞ്ഞാല്‍ വിജയിക്കാം.

വായനക്കാരോടുള്ള സന്ദേശം എന്താണ്?

യോഗ സമഗ്രാരോഗ്യം പ്രദാനം ചെയ്യും ശരീരം, മനസ്സ്, ആത്മാവ് ഈ മൂന്നു ഘടകങ്ങളെയും സുഖസമന്വയത്തിലാക്കും. ശാസ്ത്രവും ആത്മീയതയും കൈകോര്‍ക്കണം.
സമ്പത്ത്, ബിരുദം, പദവി ഇവ ഒരിക്കലും ആനന്ദം, സന്തോഷം, ഉറപ്പ് നല്‍കുന്നില്ല. അതിനാല്‍ ലളിതമായി വിനയത്തോടെ പ്രകൃതിയോടും സമൂഹത്തോടും ഇണങ്ങി ജീവിക്കുക. ഭൂമിയെ സംരക്ഷിക്കുക, അതിലൂടെ മനുഷ്യകുലത്തെ സംരക്ഷിക്കുക. ഇതാണ് യോഗയുടെ സാരം. അങ്ങനെയായാല്‍ മറ്റെല്ലാം സ്വാഭാവികമായി വന്നുചേര്‍ന്നു കൊള്ളും.

By admin