തലശ്ശേരി: കോടിയേരി ഓണിയൻ ഹൈസ്കൂളിന് സമീപം വീടിന് തീപിടിച്ച് നാശനഷ്ടം. ശ്രീ സായിയില്‍ അരുണ്‍കുമാറിന്റെ വീടിനാണ് തീപിടിത്തമുണ്ടായത്. സോഫ ഉള്‍പ്പെടെയുള്ള ഫർണിച്ചറുകള്‍, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, വീടിന്റെ സീലിങ് എന്നിവ ഭാഗികമായി കത്തി നശിച്ചു. പൂജാമുറിയില്‍ മള്‍ട്ടി വുഡില്‍ സ്ഥാപിച്ച എല്‍ഇഡി ലൈറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവ സമയത്ത് വീട്ടുകാർ പുറത്തായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീട്ടുകാരും പരിസരവാസികളും ചേർന്ന് ഉടൻ തീയണച്ചതിനാലും തലശ്ശേരി അഗ്നിരക്ഷാസേന സ്ഥലത്തെത്തിയതിനാലും വലിയ തീപിടിത്തം ഒഴിവായി. കഴിഞ്ഞ ജനുവരിയിലാണ് പുതിയ വീട്ടില്‍ കുടുംബം താമസം തുടങ്ങിയത്. അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.