
മധുര(തമിഴ്‌നാട്): തിരുപ്പറംകുണ്‍ട്രത്ത് കാര്‍ത്തികദീപം തെളിയിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ഭക്തരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത്, ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിലേക്ക്. സ്റ്റാലിന്റെ പാത പിന്തുടരുന്ന ജോസഫ് വിജയ് സര്‍ക്കാരിനെതിരെ പതിനെട്ടിന് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് വിഎച്ച്പി വക്താവ് കാര്‍ത്തികേയന്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ ഹിന്ദുസംഘടനാപ്രവര്‍ത്തകരെ അക്രമിക്കുകയും അറസ്റ്റ് ചെയ്യുകയുമാണ് ടിവികെ സര്‍ക്കാരെന്ന് അദ്ദേഹം ആരോപിച്ചു. അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, തമിഴ്നാട്ടിലെ, 2,500 കേന്ദ്രങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന ‘വേല്‍ പൂജ’ പരിപാടികള്‍ക്കെതിരെ വ്യാപകമായ നടപടികളാണ് ടിവികെ സര്‍ക്കാര്‍ സ്വീകരിച്ചത്. കാര്‍ത്തികനാളില്‍ ഭക്തര്‍ വീടുകളില്‍ ദീപം തെളിയിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് വിഎച്ച്പി സംഘടിപ്പിച്ച പരിപാടിക്കിടെ, ചെങ്കല്‍പേട്ടില്‍ വിഎച്ച്പി ദക്ഷിണ ക്ഷേത്ര ധര്‍മ്മ പ്രചാര്‍ കണ്‍വീനര്‍ എസ്.വി. രാമനെ പോലീസ് അറസ്റ്റ് ചെയ്തു. വേല്‍യാത്ര തടയുകയും ഭക്തരെ അധിക്ഷേപിക്കുകയും ചെയ്തു. നെമ്മേലി മുരുകന്‍ കോവിലിലേക്കുള്ള യാത്രയാണ് തടഞ്ഞത്.
മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിഷയത്തില്‍ ഇടപെടണമെന്ന് കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു. കാര്‍ത്തിക ദീപം സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 18ന് സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കും. ഭക്തസമൂഹം ഒത്തുചേര്‍ന്ന് സ്‌കന്ദഷഷ്ഠി കവചം ചൊല്ലും. നവംബര്‍ 24നാണ് കാര്‍ത്തിക എത്തുന്നത്. തിരുപ്പറംകുണ്‍ട്രത്തെ പുരാതനമായ കല്‍വിളക്കില്‍ ആചാരപരമായി ദീപം തെളിയിക്കുന്നത് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹിന്ദുമുന്നണി ആവശ്യപ്പെട്ടു. അതേ സമയം മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ ടിവികെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി 17ന് പരിഗണിച്ചേക്കും.