• Mon. Apr 27th, 2026

24×7 Live News

Apdin News

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Byadmin

Apr 27, 2026


കോഴഞ്ചേരി: പാചക വാതക ക്ഷാമം, കനത്ത ചൂട് ഇവയുടെ മറവില്‍ ചായക്കും മറ്റ് ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ വര്‍ധിപ്പിച്ചു. തിരിഞ്ഞു നോക്കാതെ ഉദ്യോഗസ്ഥര്‍. കച്ചവടക്കാര്‍ വില വര്‍ധിപ്പിക്കുന്നത് തോന്നും പോലെ. യുദ്ധമാരംഭിച്ചതോടെയാണ് സംസ്ഥാനത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക ക്ഷാമം രൂക്ഷമായത്. ഇതിന്റെ മറവിലാണ് ചായ, കാപ്പി, മറ്റ് സ്‌നാക്‌സ്, പൊറോട്ട തുടങ്ങിയവക്ക് ഹോട്ടലുടമകള്‍ വില ഒരു സുപ്രഭാതത്തില്‍ വര്‍ധിപ്പിച്ചത്.

ഒരു പൊറോട്ടക്ക് 15 രൂപ വരെയാണ് ചിലയിടങ്ങളില്‍ ഈടാക്കുന്നത്. ചൂടിന്റെ മറവില്‍ ശീതള പാനീയങ്ങള്‍ക്കും കടയുടമകള്‍ തോന്നും പോലെയാണ് വില ഈടാക്കുന്നത്. കുറച്ചു നാള്‍ മുന്‍പു വരെ 20 രൂപയായിരുന്ന സോഡാ സര്‍ബത്തിന് 25 ഉം അതിലധികം രൂപയുമാണ് കടയുടമകള്‍ ഈടാക്കുന്നത്. വീടിന് പുറത്തേക്കിറങ്ങുന്നവര്‍ കനത്ത ചൂടില്‍ കടകളില്‍ കയറി തണുത്ത വെള്ളം കുടിച്ചു കഴിയുമ്പോള്‍ പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ്. എന്നാല്‍ ഇവയൊന്നും അന്വേഷിക്കാനോ നടപടി സ്വീകരിക്കാനോ നാട്ടില്‍ ഒരു സംവിധാനവുമില്ലാത്ത സ്ഥിതിയാണ്.

ലീഗല്‍ മെട്രോളജി, സിവില്‍ സപ്‌ളൈസ് വകുപ്പുകളെല്ലാം ഇതില്‍ നോക്കുകുത്തിയായി മാറി. മുന്‍ കാലങ്ങളില്‍ വില വര്‍ധനവ് നടപ്പാക്കുന്നതിന് മുന്‍പായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ജില്ലാ കളക്ടര്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് ഭാരവാഹികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍ എന്നിവരടങ്ങിയ യോഗമാണ് വില വര്‍ധനവ് തീരുമാനിച്ചിരുന്നത്.എന്നാലിപ്പോള്‍ ഉദ്യോഗസ്ഥ സംവിധാനം കുത്തഴിഞ്ഞതോടെ വില വര്‍ധിപ്പിക്കുന്ന തീരുമാനം കടയുടമകള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു.

എല്ലാ സാധനത്തിന്റെയും വില വിവരപ്പട്ടിക കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന തീരുമാനവും കടയുടമകള്‍ പാലിക്കാറില്ല. ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നേ ാക്കാത്തതു കൊണ്ടാണ് കടയുടമകള്‍ പല സാധനത്തിനും വില തോന്നും പോലെ ഈടാക്കുന്നത്. പാചക വാതക ക്ഷാമത്തിന് പരിഹാരമായാലും ചൂട് മാറി മഴയെത്തിയാലും ഇപ്പോള്‍ വര്‍ധിപ്പിച്ച വില കുറക്കാന്‍ കടയുടമകള്‍ തയ്യാറാകാറില്ല. ഇപ്പോള്‍ വര്‍ധിപ്പിച്ച വില നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ലഘുഭക്ഷണങ്ങള്‍ക്കും എണ്ണക്കടികള്‍ക്കും സമാനമായ രീതിയില്‍ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴെല്ലാം അതിന്റെ ഭാരം ജനങ്ങളുടെ തലയില്‍ വെച്ചുകെട്ടുന്ന പതിവ് രീതി ഇവിടെയും ആവര്‍ത്തിക്കുന്നു. എന്നാല്‍ ഹോട്ടലുകളില്‍ ഗ്യാസ് ക്ഷാമം യഥാര്‍ത്ഥത്തില്‍ തുടരുന്നുണ്ടോ എന്നും വാണിജ്യ ഗ്യാസിന് സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ കൂടുതല്‍ ഏജന്‍സികള്‍ വാങ്ങുന്നുണ്ടോ എന്നും അധികൃതര്‍ കര്‍ശന മായി പരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ക്ഷാമത്തിന്റെ പേരില്‍ കൃത്രിമമായി വില വര്‍ദ്ധിപ്പിക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ആശങ്കയുണ്ട്.



By admin