ന്യൂദൽഹി: മെട്രോ സ്റ്റേഷനുകൾ, റോഡുകൾ, ആശുപത്രികൾ, ഒരു സ്പോർട്സ് കോംപ്ലക്സ് എന്നിവയുൾപ്പെടെ പ്രധാന പൊതു സ്ഥലങ്ങളുടെ പേരുമാറ്റത്തിന് ദൽഹി സർക്കാർ അംഗീകാരം നൽകി. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ അധ്യക്ഷതയിൽ ദൽഹി സെക്രട്ടേറിയറ്റിൽ ചേർന്ന സംസ്ഥാന നാമ അതോറിറ്റി (എസ്എൻഎ) യോഗത്തിലാണ് ഈ തീരുമാനം.
പുതിയ മാറ്റങ്ങളനുസരിച്ച്, രോഹിണി വെസ്റ്റ് മെട്രോ സ്റ്റേഷൻ ഇനി മുതൽ “ഡോ. ബാബാ സാഹിബ് അംബേദ്കർ ഹോസ്പിറ്റൽ മെട്രോ സ്റ്റേഷൻ” എന്നറിയപ്പെടും. ദ്വാരക മെട്രോ സ്റ്റേഷന്റെ പേര് “ദ്വാരക-കക്രോള മെട്രോ സ്റ്റേഷൻ” എന്ന് പുനർനാമകരണം ചെയ്തു. കൂടാതെ, യാത്രക്കാർക്ക് കൂടുതൽ വ്യക്തത നൽകുന്നതിനായി രോഹിണി ഈസ്റ്റ് മെട്രോ സ്റ്റേഷൻ “രോഹിണി മെട്രോ സ്റ്റേഷൻ” എന്നറിയപ്പെടും.
രോഹിണിയിൽ പുതുതായി നിർമ്മിച്ച ഒരു സ്‌പോർട്‌സ് കോംപ്ലക്‌സിന് “അടൽ ഖേൽ പരിസർ” എന്ന് പേരിടാനും സർക്കാർ തീരുമാനിച്ചു. ഭാരതരത്‌ന അവാർഡ് ജേതാവായ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പ്രതിമയും ഈ സ്ഥലത്ത് സ്ഥാപിക്കും.
ജ്വാലാപുരിയിൽ നിർമ്മാണത്തിലിരിക്കുന്ന ആശുപത്രിയുടെ പേര് “ബാബ രാംദേവ്ജി മഹാരാജ് ആശുപത്രി” എന്നാക്കി മാറ്റുമെന്നും, അതേസമയം, ഷക്കൂർപൂരിലെ ബ്രിട്ടാനിയ ചൗക്ക് “അശ്വിനി ചോപ്ര (മിന്ന) ചൗ” എന്നാക്കി മാറ്റുമെന്നും മറ്റൊരു തീരുമാനമുണ്ട്.
ചീഫ് സെക്രട്ടറി, നഗരവികസന സെക്രട്ടറി, ദൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡിഎംആർസി) മാനേജിംഗ് ഡയറക്ടർ, ഡൽഹി വികസന അതോറിറ്റിയുടെ (ഡിഡിഎ) മുതിർന്ന പ്രതിനിധി എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ദൽഹിയുടെ സാംസ്കാരികവും ചരിത്രപരവുമായ സ്വത്വം സംരക്ഷിക്കുന്നതിനൊപ്പം സമൂഹത്തിന് ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുക എന്നതാണ് ഈ തീരുമാനങ്ങളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.