• Thu. May 28th, 2026

24×7 Live News

Apdin News

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

Byadmin

May 28, 2026


പത്തനംതിട്ട: കേരളത്തില്‍ തൊഴിലാളികള്‍ക്കായി സ്ഥാപിച്ച ക്ഷേമനിധി ബോര്‍ഡുകള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍. ഇത് പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടക്കത്തില്‍ തന്നെ പ്രതിസന്ധിയിലാക്കുമെന്ന് മുന്നറിയിപ്പ്. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്താനാണ് ഈ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
ഒരു കോടിയിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന 31 ക്ഷേമനിധി ബോര്‍ഡുകളില്‍ 25 എണ്ണവും സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കേ കണക്കുകള്‍ നിരത്തി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

മുന്‍ ധനമന്ത്രി പുറത്തുവിട്ട കണക്കുപ്രകാരം വിവിധ ബോര്‍ഡുകളിലായി നിലനില്‍ക്കുന്നത് 8,629 കോടി രൂപയുടെ പെന്‍ഷന്‍ കുടിശികയാണ്. 45 ലക്ഷം തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കേണ്ട ബോര്‍ഡുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ വിതരണം ചെയ്തിട്ട് രണ്ടു വര്‍ഷമായി. ഇവര്‍ക്ക് മാത്രം 1500 കോടി രൂപ കുടിശിക ഉണ്ട്. കര്‍ഷക ക്ഷേമനിധി ബോര്‍ഡിന് 500 കോടിയും കശുവണ്ടി ക്ഷേമനിധി ബോര്‍ഡിന്റെ കുടിശിക 30 കോടിയുമാണ്. ടൈലറിങ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ പെന്‍ഷന്‍ മുടങ്ങിയിട്ട് ഒന്നര വര്‍ഷത്തിലേറെയായി.

2024 ല്‍ പെന്‍ഷന്‍ പറ്റിയ അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും നല്‍കിയിട്ടില്ല. കയര്‍ നിര്‍മാണ മേഖലയില്‍ ഒന്നരലക്ഷം തൊഴിലാളികളും 60,000 പെന്‍ഷന്‍കാരും ഉണ്ട്.

അഞ്ചുവര്‍ഷമായി ഇവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യവും മറ്റ് സാമ്പത്തിക സഹായവും നല്‍കിയിട്ട്. തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 18 ക്ഷേമനിധി ബോര്‍ഡുകള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി 31 ക്ഷേമനിധി ബോര്‍ഡ് ആണ് കേരളത്തിലുള്ളത്.

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കഴിഞ്ഞ വര്‍ഷം ബജറ്റ് വിഹിതം പോലും അന്നത്തെ ധനമന്ത്രി ബാലഗോപാല്‍ നീക്കിവെച്ചില്ല. ഈ തൊഴിലാളികള്‍ ബോര്‍ഡില്‍ അടച്ച അംശദായം തിരിച്ചു നല്‍കാനും സര്‍ക്കാര്‍ തയാറായിട്ടില്ല.



By admin