• Sun. Nov 29th, 2026

24×7 Live News

Apdin News

ധര്‍മഗുരു ദീക്ഷാസ്വീകാര്യ രജത മഹോത്സവം 15ന് ഗോശ്രീപുരത്ത്

Byadmin

Nov 29, 2026



മട്ടാഞ്ചേരി: ധര്‍മഗുരു കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥസ്വാമിയുടെ സംന്യാസ ദീക്ഷാസ്വീകാര്യ രജത മഹോത്സവം കൊച്ചി ഗോശ്രീപുരത്ത് നടക്കും. ഡിസംബര്‍ 15നും, 16നും നടക്കുന്ന ആഘോഷങ്ങളിലും, ഗോശ്രീപുരം തിരുമല ക്ഷേത്ര രഥോത്സവത്തിലും സംയമീന്ദ്ര തീര്‍ത്ഥ സ്വാമി പങ്കെടുക്കും. ഡിസംബര്‍ 11ന് ദക്ഷിണ കന്നഡയിലെ കോട്ട ക്ഷേത്രത്തില്‍ നിന്ന് സംയമീന്ദ്ര തീര്‍ത്ഥ സ്വാമി കൊച്ചി തിരുമല ക്ഷേത്രത്തിലെത്തിച്ചേരും.

12ന് ക്ഷേത്ര ഉത്സവ രഥോത്സവത്തിലും, 13ന് ദേവന്റെ ആറാട്ടുമഹോത്സവത്തിലും സ്വാമി സാന്നിധ്യമേകും. ദീക്ഷാ സ്വീകാര്യ രജത മഹോത്സവത്തോടനുബന്ധിച്ച് 15ന് കൊച്ചിയില്‍ ദേശദിഗ്‌വിജയം, 16ന് ഗോശ്രീപുരേശന് സ്വര്‍ണ ഗരുഡോത്സവ സേവ എന്നിവ നടക്കും. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശി ഉമേഷ് മല്ലനാണ് 2002 ജൂണില്‍ ഹരിദ്വാര്‍ വ്യാസാശ്രമത്തില്‍ വെച്ച് കാശി മഠാധിപതി സുധീന്ദ്ര തീര്‍ത്ഥ സ്വാമിയില്‍ നിന്ന് സംന്യാസ ദീക്ഷ സ്വീകരിച്ച് സംയമീന്ദ്ര തീര്‍ത്ഥ സ്വാമിയായി അവരോധിതനായത്.

കാശിമഠ ഗുരു പരമ്പരയിലെ 21-മത് ഗുരുവായി സംന്യാസാശ്രമം സ്വീകരിച്ച്, അമ്പലമേട് കാശിമഠം, ബെംഗളൂരു, മംഗലാപുരം എന്നിവിടങ്ങളില്‍ വെച്ച് വേദ-പുരാണ- ആചാര വിധി പൂജാധികള്‍ പഠിച്ചു. ഒപ്പം സംന്യാസാശ്രമ ജീവിത വ്രതനിഷ്ഠയുമായി സാമൂഹത്തിന് ധാര്‍മിക ആത്മീയ മാര്‍ഗദര്‍ശനമേകി. 2016ല്‍ ഗുരുസമാധിയായതോടെ ഹരിദ്വാറില്‍ വെച്ച് കാശിമഠാധിപതിയായി സ്ഥാനമേറ്റു. 2026ല്‍ കാശിമഠ മൂലസ്ഥാനമായ വാരാണസി കാശിമഠത്തില്‍ വെച്ച് 25-ാമത് ചാതുര്‍മാസ വ്രതാനുഷ്ഠാനം നടത്തി.

തുടര്‍ന്ന് ന്യൂദല്‍ഹി, മുംബൈ വഴി കൊച്ചിയിലെത്തിയാണ് ദീക്ഷാ സ്വീകാര്യ രജതമഹോത്സവത്തില്‍ ഭക്തരെ അനുഗ്രഹിക്കുന്നത്.

ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കേരളത്തിലെ വിവിധ ദേശങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ എത്തിച്ചേരും.

21ന് സംയമീന്ദ്ര തീര്‍ത്ഥസ്വാമി തുറവൂര്‍ ലക്ഷ്മീ നരസിംഹ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും.

By admin