എം.എസ് ധോണി ചെന്നൈ സൂപ്പർ കിങ്‌സിന്റെ മെന്റർ സ്ഥാനത്തേക്കുമ്പോൾ സമ്മർദ്ദമുണ്ടായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്. ക്രിക്കറ്റിനോട് വിടപറയാനുള്ള അനുയോജ്യമായ സമയമായിരിക്കാം ഇതെന്നും സെവാഗ് കൂട്ടിച്ചേർത്തു.
“ആദ്യ ദിവസം മുതൽ തന്നെ ധോണി ചെന്നൈയുടെ മെന്ററായും ക്യാപ്റ്റനായും പ്രവർത്തിച്ചു. ടീമിനെ കെട്ടിപ്പടുക്കുന്നതിലും കളത്തിൽ നിന്നും നയിക്കുന്നതിലും അദ്ദേഹം പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത്. എന്നാൽ ഒഫീഷ്യലായി മെന്റർ പദവി ഏറ്റെടുക്കുമ്പോൾ വ്യത്യസ്ത സമ്മർദ്ദം ഉണ്ടാവാം. ഓരോ താരവും വിരമിക്കേണ്ട സമയം ഒരിക്കൽ വന്നെത്തും. ക്രിക്കറ്റിനോട് വിടപറയാൻ ധോണിക്ക് അനുയോജ്യമായ സമയമായിരിക്കാം ഇത്. അതുകൊണ്ടാവാം അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്” സെവാഗ് എഎൻഐയോട് പറഞ്ഞു.


ചെന്നൈയെ 5 ഐപിഎൽ കിരീടങ്ങളിലേക്കും 2 ചാമ്പ്യൻസ് ലീഗ് ടി-20യിലേക്കും നയിച്ച ക്യാപ്റ്റനാണ് ധോണി. ചെന്നൈയെ 10 തവണ ഫൈനലുകളിൽ എത്തിച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി.
2008 മുതൽ ചെന്നൈയുടെ ഭാഗമായ ധോണി ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയാണ്. 2016, 2017 സീസണിൽ ചെന്നൈക്ക് വിലക്ക് നേരിട്ടപ്പോൾ മാത്രമാണ് ധോണി മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചിരുന്നത്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ 275 മത്സരങ്ങളിൽ നിന്നും 5314 റൺസാണ് ധോണി നേടിയത്.