ഭാവിയിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ നയിക്കാൻ തിലക് വർമ്മക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി. രോഹിത് ശർമ്മ 5 തവണ മുംബൈയെ കിരീടത്തിലേക്ക് നയിച്ചത് പോലെ തിലക് വർമ്മക്കും അതിന് സാധിക്കുമെന്നാണ് മുൻ ഇന്ത്യൻ താരം ചൂണ്ടിക്കാട്ടിയത്.
“മുംബൈയുടെ അടുത്ത ക്യാപ്റ്റൻ ആരാകണം? സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, തിലക് വർമ്മ എന്നിവരിൽ ആരാണ് ഏറ്റവും മികച്ചത്? എന്റെ പിന്തുണ തിലക് വർമ്മക്കാണ്. ഭാവികൂടി കണ്ടുവേണം തീരുമാനമെടുക്കാൻ. മുംബൈയുടെ ക്യാപ്റ്റനായിരുന്നപ്പോൾ റിക്കി പോണ്ടിങ് രോഹിത് ശർമ്മയിൽ ഒരു മികച്ച ക്യാപ്റ്റനെ കണ്ടു. പിന്നീട് രോഹിത് അഞ്ച് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. അതുപോലെ ഭാവിയിൽ മുംബൈയെ നയിക്കാൻ തിലക് വർമ്മയ്ക്ക് സാധിക്കുമെന്നാണ് എന്റെ വിശ്വാസം” ഹനുമ വിഹാരി തന്റെ യൂട്യൂബ് ചാനലിൽ അഭിപ്രായം പങ്കുവെച്ചു.
തിലക് വർമ്മ ഇന്ത്യൻ ടി-20 ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. ആഭ്യന്തര ക്രിക്കറ്റിൽ തിലക് വർമ്മ ക്യാപ്റ്റൻ സ്ഥാനം വഹിച്ചിട്ടുണ്ട്. അടുത്തിടെ ദുലീപ് ട്രോഫിയിൽ ദക്ഷിണ മേഖലയെയും താരം നയിച്ചിട്ടുണ്ട്. മുംബൈക്കായി 5 സീസണിൽ 68 മത്സരങ്ങളിൽ നിന്നും 1858 റൺസാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.