പാലക്കാട്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ നവംബർ 3 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. പാലക്കാട് ചേർന്ന സ്വകാര്യ ബസുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് സമരതീരുമാനം. ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയ്‌ക്ക് 120 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ബസുടമകളുടെ കണക്ക്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 500-ലധികം ബസുകൾ ജിഫോം നൽകി സർവീസ് നിർത്തിയതായും 5,000-ത്തിലധികം ബസുകൾ പകുതി ട്രിപ്പുകൾ മാത്രമാണ് നടത്തുന്നതെന്നും അവർ വ്യക്തമാക്കി. ഓണക്കാലത്തുപോലും ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായി. രണ്ടും മൂന്നും മാസങ്ങളായി വായ്‌പയുടെ ഇഎംഐ മുടങ്ങിയതോടെ ധനകാര്യ സ്ഥാപനങ്ങൾ ബസുകൾ പിടിച്ചെടുക്കുന്നുണ്ടെന്നും ഉടമകൾ പറയുന്നു.
പ്രിയദർശിനി സർവീസ് മൂലമുണ്ടായ നഷ്ടത്തിന് സർക്കാർ പരിഹാരം കാണാത്തതും പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതുമാണ് സമരത്തിലേക്ക് നീങ്ങാനുള്ള കാരണങ്ങളായി ബസുടമകൾ ചൂണ്ടിക്കാട്ടുന്നത്. സമരവുമായി ബന്ധപ്പെട്ട വിഷയം ഈ മാസം 16ന് സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്നും അവർ ആരോപിച്ചു.
സെപ്റ്റംബർ രണ്ടിന് സർക്കാർ നിയോഗിച്ച പ്രത്യേക കമ്മീഷൻ സ്വകാര്യ ബസ് മേഖലയിലെ നഷ്ടം പരിഹരിക്കുന്നതിനായി ചില നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. എന്നാൽ, ഈ നിർദേശങ്ങൾ നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെന്നാണ് ബസുടമകളുടെ ആരോപണം.
യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ സമരം പരമാവധി ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന് ബസുടമകൾ പറഞ്ഞു. എന്നാൽ, പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സഹായം നൽകാത്ത സാഹചര്യത്തിൽ പണിമുടക്കല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും അവർ വ്യക്തമാക്കി.
കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.