ബംഗളൂരു: ശ്മശാനത്തിലെ കുഴിമാടങ്ങളിൽനിന്ന് മനുഷ്യാവശിഷ്ടങ്ങൾ പുറത്തെടുത്ത് മെഡിക്കൽ കോളജുകളിലേക്ക് കടത്തിയെന്ന കേസിൽ കർണാടകയിൽ മൂന്ന് പേർ അറസ്റ്റിൽ. റായ്ച്ചൂരിലെ മാരുതി നഗർ ശ്മശാനത്തിൽനിന്നാണ് മനുഷ്യാവശിഷ്ടങ്ങൾ കടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ശ്മശാനത്തിലെ തൊഴിലാളിയായ വീരേഷ് തലവാര ആഞ്ജനേയ (28), രാജു നരസപ്പ (35), അഫ്‌സർ ജൂനിമിയ (32) എന്നിവരെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. രാജുവും അഫ്‌സറും സ്വകാര്യ മെഡിക്കൽ കോളജുകളിൽ ജോലി ചെയ്തിരുന്നവരാണെന്നാണ് വിവരം.
മനുഷ്യാവശിഷ്ടങ്ങൾ കൈമാറുന്നതിനായി 2,000 മുതൽ 3,000 രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മനുഷ്യാവശിഷ്ടങ്ങൾ ഏതെല്ലാം സ്ഥാപനങ്ങളിലേക്ക് എത്തിച്ചുവെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
ശ്മശാനത്തിലെ ചില കുഴിമാടങ്ങളിൽ മണ്ണ് ഇളകിക്കിടക്കുന്നതും അസ്ഥികളുടെ അവശിഷ്ടങ്ങൾ പുറത്തുകാണപ്പെട്ടതുമാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
മൃതശരീരങ്ങൾ കുഴിച്ചെടുത്തശേഷം കുഴിമാടങ്ങൾ വീണ്ടും മൂടിയിരുന്നതായി നാട്ടുകാർ ആരോപിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മനുഷ്യാവശിഷ്ടങ്ങൾ കടത്തിയെന്ന കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.