
തിരുവനന്തപുരം: പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനുമായി ജീവിതം സമർപ്പിച്ച നവോത്ഥാന നായകനായിരുന്നു പി.കെ. ചാത്തൻ മാസ്റ്ററെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ അർഹമായ പരിഗണന ചാത്തൻ മാസ്റ്റർക്ക് ലഭിച്ചിട്ടില്ല. സാംസ്കാരിക നവോത്ഥാന നായകരുടെ സ്മരണകളും അവർ ഉയർത്തിപ്പിടിച്ച ആശയങ്ങളും സംരക്ഷിക്കുന്നതിൽ എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ ഒരുപോലെ അവഗണനയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി സമൂഹം ഇന്നും നേരിടുന്ന അവഗണനയ്‌ക്കും നീതിനിഷേധത്തിനുമെതിരെ വ്യക്തമായ മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ചാത്തൻ മാസ്റ്ററുടെ സ്മരണയ്‌ക്കായി ബിജെപി ഒരു വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത്. ചാത്തൻ മാസ്റ്റർക്ക് വ്യക്തമായ സാമൂഹിക കാഴ്ചപ്പാടും ദീർഘവീക്ഷണവുമുണ്ടായിരുന്നു. മനുഷ്യസ്നേഹത്തിന്റെയും ധാർമിക മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ സാമൂഹിക നീതിക്കായി നിലകൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കും അന്തസ്സിനും വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്തേണ്ടതുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
നവംബർ 19ന് ചാത്തൻ മാസ്റ്ററുടെ ജന്മസ്ഥലമായ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന സ്മൃതി സഭ കേന്ദ്രസഹമന്ത്രി അർജുൻ റാം മേഘ്‌വാൾ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ മുഖ്യാതിഥിയാകും. ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 30 കേന്ദ്രങ്ങളിൽ വിളംബര ജാഥകളും സംഘടിപ്പിക്കും. നവംബർ 18ന് തിരുവനന്തപുരത്തുനിന്നും പാലക്കാട്ടെ ശബരി ആശ്രമത്തിൽനിന്നും ആരംഭിക്കുന്ന സ്മൃതി യാത്രകളും ഇരിങ്ങാലക്കുടയിൽ സംഗമിക്കും. ചാത്തൻ മാസ്റ്ററുടെ സ്മരണ നിലനിർത്തുന്നതിനും അദ്ദേഹത്തിന്റെ ആശയങ്ങൾ സമൂഹത്തിൽ കൂടുതൽ പ്രചരിപ്പിക്കുന്നതിനുമായി ഒരു വർഷത്തേക്കുള്ള വിവിധ പദ്ധതികളും സ്മൃതി സഭയിൽ പ്രഖ്യാപിക്കും.
പട്ടികജാതി സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ മുന്നേറ്റത്തിന് ചാത്തൻ മാസ്റ്റർ നൽകിയ സംഭാവനകൾ പുതുതലമുറയിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.