പത്തനംതിട്ട: ക്വാറി ഉത്പന്നങ്ങള്‍ കേരളത്തിലേക്ക് കയറ്റിയയ്‌ക്കുന്നത് തമിഴ്‌നാട് നിരോധിച്ചതോടെ സംസ്ഥാനത്ത് നിര്‍മാണ മേഖല വലിയ പ്രതിസന്ധിയില്‍. തമിഴ്‌നാട് ജിയോളജി ആന്‍ഡ് മൈനിങ് വകുപ്പാണ് കേരളത്തിലേക്കുള്ള കരിങ്കല്‍ ഉത്പന്നക്കടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
തമിഴ്നാട്ടില്‍ ക്വാറി ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ജിയോളജി വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനം വഴിയുള്ള ട്രാന്‍സിസ്റ്റ് പാസോ, ലൈസന്‍സൊ കൂടാതെ ആര്‍ക്കും ക്വാറി ഉത്പന്നങ്ങള്‍ കേരളത്തിലേക്കു കൊണ്ടുവരാനാവാത്ത സാഹചര്യമാണിപ്പോള്‍.
അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ജിയോളജി ഉദ്യോഗസ്ഥര്‍ വാഹന പരിശോധന കര്‍ശനമാക്കി. വാഹനങ്ങള്‍ പിടിച്ചെടുത്തു കനത്ത പിഴ ഈടാക്കിത്തുടങ്ങിയതോടെ കേരളത്തിലെ കരാറുകാര്‍ തമിഴ്‌നാട്ടില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്.
സാഹചര്യം മുതലാക്കി കേരളത്തിലെ ക്വാറി, ക്രഷര്‍ ഉടമകള്‍ വില തോന്നിയ വിധം കൂട്ടുകയാണെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു.