• Sun. Oct 4th, 2026

24×7 Live News

Apdin News

നിഷ്പക്ഷനായി നില്‍ക്കേണ്ട റഫറി ഒരു ടീമിനൊപ്പം ചേര്‍ന്ന് കള്ളം പറയുന്നു, ഗ്യാനേഷ് കുമാര്‍ മോദിയുടെ കയ്യിലെ വെറുമൊരു ഉപകരണം മാത്രം; കെ.സി വേണുഗോപാല്‍

Byadmin

Oct 4, 2026


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യിലെ വെറുമൊരു ഉപകരണം മാത്രമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഗ്യാനേഷ് കുമാര്‍ വെറുമൊരു പരല്‍മീനാണെന്നും, അദ്ദേഹത്തിന്റെ രാജി മാത്രമല്ല മറിച്ച് നരേന്ദ്ര മോദിയുടെ രാജിയാണ് കോണ്‍ഗ്രസും യുവാക്കളും യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാന്ധിജയന്തി ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കൊല്ലം ചിന്നക്കടയില്‍ സംഘടിപ്പിച്ച ‘ജെന്‍ ഇന്ത്യ മൂവ്‌മെന്റ്’ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരും ദിവസങ്ങളില്‍ ഡല്‍ഹിയിലും രാജ്യത്തുടനീളവും സമരങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ ജനരോഷത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഗ്യാനേഷ് കുമാറിനും രാജിവെക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളത്തില്‍ തികച്ചും നിഷ്പക്ഷനായി നില്‍ക്കേണ്ട റഫറി ഒരു ടീമിനൊപ്പം ചേര്‍ന്ന് കള്ളം പറയുന്നതിന് തുല്യമാണ് ഗ്യാനേഷ് കുമാറിന്റെ നിലപാടെന്ന് കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. മുന്‍ കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാര്‍ മൂന്ന് വിജിലന്‍സ് കേസുകളില്‍ പ്രതിയായിരുന്നു. അമിത് ഷായ്ക്ക് വേണ്ടി ജമ്മു കശ്മീരിനെ മൂന്നായി വിഭജിച്ചതും അദ്ദേഹമാണ്.

രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ തുടങ്ങിയവര്‍ വിരമിച്ച ശേഷം അവര്‍ക്കെതിരെ കേസെടുക്കാന്‍ നിയമപരമായി സാധിക്കുമെങ്കിലും, വിരമിച്ച തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന രീതിയില്‍ നിയമഭേദഗതി വരുത്തി ആജീവനാന്ത സംരക്ഷണം ഉറപ്പാക്കിയാണ് ബി.ജെ.പി സര്‍ക്കാര്‍ ഗ്യാനേഷ് കുമാറിനെ ഈ പദവിയില്‍ എത്തിച്ചതെന്ന് വേണുഗോപാല്‍ ആരോപിച്ചു.

എസ്.ഐ.ആര്‍ നടപടികളിലൂടെ രാജ്യത്തെ 13.3 കോടി വോട്ടര്‍മാരെയാണ് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിക്കും ഗ്യാനേഷ് കുമാറിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നയിക്കുമ്പോള്‍ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും കോണ്‍ഗ്രസിനെതിരെ പ്രകോപനം സൃഷ്ടിക്കുകയാണ്. കരിങ്കൊടി പ്രതിഷേധങ്ങളെ കോണ്‍ഗ്രസ് മന്ത്രിമാര്‍ ഭയക്കുന്നില്ലെന്നും, ഓരോ തവണ കരിങ്കൊടി കാണിക്കുമ്പോഴും അമിത് ഷായ്‌ക്കെതിരെ തങ്ങള്‍ നടത്തുന്ന സമരങ്ങള്‍ക്ക് കൂടുതല്‍ വാര്‍ത്താപ്രാധാന്യം ലഭിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.







By admin