ദുബായ് : മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6, ചൊവാഴ്ച അബുദാബിയിൽ ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗ്ലോബൽ ഫുഡ് വീക്ക് 2026-ലൂടെ, ആഗോള ഭക്ഷ്യ-കാർഷിക മേഖലയുടെ സംഗമസ്ഥാനമായി മാറാൻ അബുദാബി ഒരുങ്ങുന്നു. അബുദാബിയിലെ ADNEC സെന്ററിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
2026 ഒക്ടോബർ 6-ന് ആരംഭിക്കുന്ന മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് 2026 ഒക്ടോബർ 8 വരെ നീണ്ട് നിൽക്കും. ADNEC ഗ്രൂപ്പ്, അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) എന്നിവർ സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള ഭക്ഷ്യ-കാർഷിക മേഖലകളിലെ പ്രമുഖർ, നിക്ഷേപകർ, ഗവേഷകർ, സംരംഭകർ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കുന്നതാണ്. സുസ്ഥിരതയിലൂന്നിയുള്ള ഭക്ഷ്യ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ആഗോളതലത്തിൽ തന്നെ ആശയങ്ങൾ കൈമാറുന്നതിനുള്ള ഒരു വേദിയായി അബുദാബിയെ നിലനിർത്തുന്നതിൽ ഈ പരിപാടി പ്രധാന പങ്ക് വഹിക്കുന്നതാണ്. സുസ്ഥിരമായ ഒരു ആഗോള ഭക്ഷ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളെ ഗ്ലോബൽ ഫുഡ് വീക്ക് പിന്തുണയ്‌ക്കുന്നു.
മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്കിൽ അതിഥി രാഷ്‌ട്രമായി ഇന്ത്യ പങ്കെടുക്കുന്നതാണ്. യു എ ഇയുമായുള്ള ശക്തമായ ബന്ധവും ആഗോള ഭക്ഷ്യ-കാർഷിക മേഖലകളിൽ കൈവരിച്ചുകൊണ്ടിരിക്കുന്ന നിർണ്ണായക പങ്കും കണക്കിലെടുത്താണ് ഇന്ത്യ ഈ പരിപാടിയിൽ ‘ഗസ്റ്റ് ഓഫ് ഓണർ’ എന്ന രീതിയിൽ പങ്കെടുക്കുന്നത്.
ഈ മേളയിൽ ഇന്ത്യയ്‌ക്കായി പ്രത്യേകം സജ്ജീകരിക്കുന്ന പവലിയൻ, ഇന്ത്യൻ കമ്പനികൾക്കും ബ്രാൻഡുകൾക്കും കയറ്റുമതിക്കാർക്കും സർക്കാർ ഏജൻസികൾ, വാങ്ങുന്നവർ, നിക്ഷേപകർ, ഭക്ഷ്യസുരക്ഷാ രംഗത്തെ പ്രമുഖർ എന്നിവരുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരമൊരുക്കുന്നതാണ്. ഭക്ഷണം, കൃഷി, കയറ്റുമതി, വിപണി പ്രവേശനം, ചില്ലറ വ്യാപാരം, ലോജിസ്റ്റിക്സ്, പാക്കേജിംഗ്, സാങ്കേതികവിദ്യ, ധനകാര്യം, നിക്ഷേപം എന്നീ മേഖലകളെ ഉൾക്കൊള്ളുന്ന രീതിയിലായിരിക്കും ഈ പങ്കാളിത്തം.
ബിസിനസ് കൂടിക്കാഴ്ചകൾ, ബ്രാൻഡ് പ്രദർശനങ്ങൾ, നിക്ഷേപം സംബന്ധിച്ച ചർച്ചകൾ എന്നിവയും ഇതിന്റെ ഭാഗമായി നടക്കുന്നതാണ്. ഇന്ത്യൻ സംസ്കാരം, പാചകരീതി, സർഗ്ഗാത്മകത, സമൂഹം എന്നിവയുടെ പ്രദർശനവും സന്ദർശകർക്ക് ഇവിടെ പ്രതീക്ഷിക്കാവുന്നതാണ്.