ബെംഗളൂരു : കോൺഗ്രസ് പാർട്ടിയുടെ റാലി കാരണം ബെംഗളൂരിൽ മൂന്ന് വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. റാലി മൂലമുണ്ടായ കനത്ത ഗതാഗതക്കുരുക്ക് കാരണം വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രത്തിൽ കൃത്യസമയത്ത് എത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ ആർസി ഗവൺമെന്റ് കോളേജ് പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം .
പരീക്ഷാ ചട്ടങ്ങൾ അനുസരിച്ച് ഉച്ചയ്‌ക്ക് 1:30 ന് തന്നെ പ്രവേശന കവാടം അടച്ചിരുന്നു. കേന്ദ്രത്തിലെ പബ്ലിക് അഡ്രസ് സിസ്റ്റം വഴി പ്രധാന ഗേറ്റ് കൃത്യമായി ഉച്ചയ്‌ക്ക് 1:30 ന് അടയ്‌ക്കുമെന്ന് ഉദ്യോഗാർത്ഥികളെ അറിയിക്കുകയും ചെയ്തിരുന്നു. മൂന്ന് വിദ്യാർത്ഥികളും ഉച്ചയ്‌ക്ക് 1:32 ന് പരീക്ഷാകേന്ദ്രത്തിൽ എത്തി. രണ്ട് മിനിറ്റ് മാത്രമാണ് വൈകിയതെങ്കിലും ഇവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. പരീക്ഷ എഴുതാനുള്ള തീവ്രശ്രമത്തിനിടെ, മൂന്ന് പേരും പ്രധാന ഗേറ്റിന്റെ മതിൽ ചാടി പരീക്ഷാ കേന്ദ്രത്തിന്റെ വളപ്പിൽ പ്രവേശിച്ചു. പക്ഷേ അപ്പോഴേക്കും, പരീക്ഷാ ഹാളിലേക്കുള്ള പ്രവേശന കവാടം പൂർണ്ണമായും അടച്ചിരുന്നു.
വീട്ടിൽ നിന്ന് കൃത്യസമയത്ത് ഇറങ്ങിയെങ്കിലും, കോൺഗ്രസ് റാലി മൂലമുണ്ടായ വലിയ ഗതാഗതക്കുരുക്ക് കാരണം സെന്ററിൽ എത്താൻ വൈകിയതായി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പറഞ്ഞു. ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള എംഇഎസ് പിയു കോളേജ് പരീക്ഷാ കേന്ദ്രത്തിൽ അവസാന നിമിഷമാണ് നിരവധി നീറ്റ് ഉദ്യോഗാർത്ഥികൾ എത്തിയത്.
ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനെ തുടർന്ന്, വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിലേക്ക് ഓടിയെത്തുകയാണ് ഉണ്ടായത്. വിഷയത്തിൽ കോൺഗ്രസിനെതിരെ ബെംഗളൂരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യ രംഗത്തെത്തി . ആയിരക്കണക്കിന് വിദ്യാർത്ഥികൾ നീറ്റ് പുനഃപരീക്ഷ എഴുതുന്ന ദിവസം തന്നെ കോൺഗ്രസ് റാലിക്കായി തിരഞ്ഞെടുത്തുവെന്ന് തേജസ്വി സൂര്യ പറഞ്ഞു.
കോൺഗ്രസിന് മറ്റൊരു ദിവസം റാലി നടത്താമായിരുന്നു, പക്ഷേ പരീക്ഷാ ദിവസം അത് സംഘടിപ്പിക്കാൻ തീരുമാനിച്ചു, അതുവഴി വിദ്യാർത്ഥികളുടെ ദുരവസ്ഥ അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നീറ്റ്-യുജി പുനഃപരീക്ഷ എഴുതാൻ പോകുന്ന ഉദ്യോഗാർത്ഥികൾക്ക് ഗതാഗത സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിൽ ഏകദേശം 45 മിനിറ്റോളമാണ് കാത്തിരുന്നത് .