
ന്യൂദല്‍ഹി:നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ നേടിയ വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. ഗാന്ധിയും കോൺഗ്രസും സ്ത്രീവിരുദ്ധരാണെന്നും, കേന്ദ്രസർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവർ പതിവാക്കിയിരിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
‘വോട്ട് ചോരി’ ആരോപണം വീണ്ടും ഉന്നയിക്കുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘നിയമവിരുദ്ധനായ പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത രാഹുൽ ഗാന്ധി ആദ്യം രാജിവെക്കാന്‍ തയ്യാറാവണം. കാരണം വോട്ട് ചോരി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 2024ലാണ് രാഹുല്‍ ഗാന്ധിയും ജയിച്ച് എംപി ആയത്. ഇതില്‍ വിയോജിപ്പുണ്ടെങ്കില്‍ എംപി സ്ഥാനവും പ്രതിപക്ഷ നേതാവ് എന്ന പദവിയും രാഹുല്‍ ആദ്യം രാജിവെയ്കകണം. – രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കോൺഗ്രസ് നേതാവിന്റെ ആരോപണങ്ങൾ അദ്ദേഹത്തിന്റെ നിരാശയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രസാദ് പറഞ്ഞു. ‘ഞാൻ പറയുന്നതല്ലാതെ വേറെ വഴികള്‍ ഇല്ലെന്ന നിലപാടുകാരനാണ് രാഹുൽ ഗാന്ധിയെന്നും, സർക്കാർ നൽകുന്ന വിശദീകരണങ്ങൾ കേൾക്കാനോ മനസ്സിലാക്കാനോ അദ്ദേഹം തയ്യാറാകുന്നില്ലെന്നും പ്രസാദ് ആരോപിച്ചു.
“14 കോടി വ്യാജ വോട്ടർമാരുണ്ടെന്നാണ് രാഹുൽ ഗാന്ധി അവകാശപ്പെടുന്നത്. ഇതിൽ 2.8 കോടി പേർ മരിച്ചവരും, 6.3 കോടി പേർ സ്ഥലം മാറിയവരും, ഒരു കോടി പേർ ഇരട്ട വോട്ടുള്ളവരും, മൂന്ന് കോടി പേർ സ്ഥലത്തില്ലാത്തവരുമാണ്. ഇവരെങ്ങനെ വ്യാജ വോട്ടർമാരാകും? അവർ താമസം മാറിയ സ്ഥലങ്ങളിൽ വോട്ട് ചെയ്തിട്ടുണ്ടാകാം. നുണ പറയുന്നതിൽ അദ്ദേഹം ഒരു ‘സൂപ്പർ ഡോക്ടറേറ്റ്’ തന്നെ നേടിയിരിക്കുന്നു,” അദ്ദേഹം പറഞ്ഞു. “എംപിമാരുടെ എണ്ണം 850 ആയി ഉയർത്തുന്നത് ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. കോൺഗ്രസ് ഭരണകാലത്ത് മൂന്ന് തവണ മണ്ഡല പുനർനിർണയം നടന്നിട്ടുണ്ട്. അന്ന് ഏകാധിപത്യം വന്നോ? അലഹബാദ് ഹൈക്കോടതി വിധിയിൽ തിരിച്ചടി നേരിട്ടപ്പോൾ, അദ്ദേഹത്തിന്റെ മുത്തശ്ശി (ഇന്ദിരാഗാന്ധി) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴാണ് യഥാർത്ഥത്തിൽ ഏകാധിപത്യം വന്നത്,” അദ്ദേഹം പരിഹസിച്ചു.
ഭാരതത്തിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഒരു ആദിവാസി വനിതയെ രാഷ്ട്രപതിയാക്കിയത് ബിജെപിയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി രവിശങ്കര്‍ പ്രസാദ് ഓർമ്മിപ്പിച്ചു. കൂടാതെ, പാർട്ടി സംഘടനയ്ക്കുള്ളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ബിജെപി നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകാൻ പ്രധാനമന്ത്രി മോദി പ്രതിജ്ഞാബദ്ധനാണ്. “ഡ്രോൺ ദിദി പദ്ധതി, മംഗൾയാൻ, ചന്ദ്രയാൻ ദൗത്യങ്ങളിൽ ശാസ്ത്രജ്ഞരായി സ്ത്രീകൾ പങ്കാളികളായത്, സായുധ സേനയിലെ അവരുടെ സാന്നിധ്യം, സൈന്യത്തിലെ ഉന്നത പദവികളിൽ സ്ഥിര നിയമനം (permanent commission), സ്ത്രീകളുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്യൽ, അല്ലെങ്കിൽ ഗ്രാമപഞ്ചായത്തുകളിലും ജില്ലാ കൗൺസിലുകളിലും സ്ത്രീ സംവരണം ഏർപ്പെടുത്തിയത് – ഇങ്ങനെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി അദ്ദേഹം നിരന്തരം പ്രവർത്തിച്ചിട്ടുണ്ട്,” പ്രസാദ് ചൂണ്ടിക്കാട്ടി.