• Sun. Oct 18th, 2026

24×7 Live News

Apdin News

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

Byadmin

Oct 18, 2026



കൊല്‍ക്കൊത്ത: പന്തല്‍ തകരാന്‍ പോകുന്നുവെന്നും എല്ലാവരും ഉടന്‍ പുറത്തുപോകണമെന്നും മൈക്കിലൂടെ വന്ന അനൗണ്‍സ് മെന്‍റാണ് ജനങ്ങള്‍ നാലുപാടും ചിതറിയോടാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട്. ഒരാള്‍ ഇത്തരമൊരു അനൗണ്‍സ് മെന്‍റ് നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് ആരെങ്കിലും നടത്തിയ അട്ടിമറിയാണോ എന്ന് പരിശോധന നടന്നുവരികയാണ്. രണ്ട് വട്ടം ഫോറന്‍സിക് സംഘം സംഭവസ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു. പെട്ടെന്ന് ആരാണ് പന്തല്‍ തകരുന്നതിന് മുന്‍പ് മൈക്കിലൂടെ ഇങ്ങിനെ ഒരു പ്രഖ്യാപനം നടത്തിയതെന്ന കാര്യമാണ് സംശയത്തിനിടയാക്കുന്നത്. സംഘാടകര്‍ക്കിടയിലേക്ക് ദുരുദ്ദേശ്യപൂര്‍വ്വം ആരെങ്കിലും നുഴ‍ഞ്ഞുകയറിയോ എന്ന കാര്യവും പരിശോധിച്ച് വരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി, അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ നിന്ന് നേരിട്ട് വിവരങ്ങൾ അറിയാൻ പോലീസ് അവരെ ചോദ്യം ചെയ്യും. “കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് വിദഗ്ധരുടെ മറ്റൊരു സംഘം ഞായറാഴ്ച വീണ്ടും പന്തൽ സന്ദർശിക്കും. അന്വേഷണത്തിന്റെ ഭാഗമായി ഞങ്ങളുടെ ഡിറ്റക്ടീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തും,” ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

ശനിയാഴ്ച വടക്കൻ കൊൽക്കത്തയിലെ ചോർബഗാൻ ദുർഗ്ഗാ പൂജ പന്തലാണ് തകര്‍ന്ന് വീണ് 19 പേര്‍ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഒരു വിദ്യാർത്ഥിയും നഴ്സും നിരവധി സ്ത്രീകളും ഉൾപ്പെടുന്നു. ഇത്തരം പരിപാടികളിലെ ജനക്കൂട്ട നിയന്ത്രണത്തെക്കുറിച്ച് ഈ സംഭവം വീണ്ടും ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.

പെട്ടെന്നുണ്ടായ ശക്തമായ മഴയും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ വീഴ്ചയുമാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തെറ്റിദ്ധരിപ്പിക്കുന്ന വിധം മൈക്കിലൂടെ വന്ന പ്രഖ്യാപനങ്ങളും, സ്ഥലത്തുണ്ടായിരുന്ന പോലീസുകാരുടെയും സ്വകാര്യ സുരക്ഷാ ജീവനക്കാരുടെയും അപര്യാപ്തതയും സ്ഥിതി കൂടുതൽ വഷളാക്കി. സ്ഥലത്തെ വൻ ജനക്കൂട്ടത്തെ കണ്ട് സന്ദർശകർ ആശയക്കുഴപ്പത്തിലായെന്ന് പോലീസ് പറഞ്ഞു.

“പൂജ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളെ സൂചിപ്പിക്കുന്ന മതിയായ തെളിവുകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. “തിക്കും തിരക്കും ഉണ്ടായപ്പോൾ ആളുകൾ പ്രവേശന കവാടത്തിലൂടെ പുറത്തുകടക്കാൻ ശ്രമിച്ചു. കവാടങ്ങളും അവിടേക്കുള്ള വഴിയും ഇടുങ്ങിയതായിരുന്നുവെന്നതും അപകടത്തിന് കാരണമായി,” അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണത്തിന്റെ ഭാഗമായി സംഘാടകർ ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാം. കൂടാതെ 14 പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

By admin