• Thu. Oct 29th, 2026

24×7 Live News

Apdin News

പരിക്കുകളോടെ ആദരവ് ഏറ്റുവാങ്ങി ഇന്ത്യൻ പൈലറ്റ്; യുഎഇ പ്രസിഡന്റുമായുള്ള സംഭാഷണം വൈറൽ

Byadmin

Oct 29, 2026


ദുബായ്: തലയിൽ തുന്നലുകളും ഇടതുകൈ സ്ലിങ്ങിൽ താങ്ങിനിർത്തിയ നിലയിലുമാണ് ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ യുഎഇ സംഘടിപ്പിച്ച ആദരച്ചടങ്ങിനെത്തിയത്. ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണശ്രമത്തിനിടെ ധീരമായി ഇടപെട്ടതിനുള്ള അംഗീകാരം ഏറ്റുവാങ്ങാനായിരുന്നു അദ്ദേഹത്തിന്റെ വരവ്. എന്നാൽ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള ഹൃദ്യമായ സംഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

യാത്രക്കാരുടെ സുരക്ഷയോടുള്ള പ്രതിബദ്ധത, ധൈര്യം, പ്രൊഫഷണൽ മികവ് എന്നിവ പരിഗണിച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനും ഫ്ലൈദുബായ് വിമാനത്തിലെ മറ്റ് ജീവനക്കാർക്കും യുഎഇ പ്രസിഡന്റ് ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് II ബഹുമതി നൽകി ആദരിച്ചു. ചടങ്ങിനിടെ മച്ചറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രസിഡന്റ് അന്വേഷിച്ചു. പരിക്കുകൾ ഭേദമാകാൻ എത്രകാലം വേണ്ടിവരുമെന്ന് ചോദിച്ച അദ്ദേഹം, സുഖം പ്രാപിച്ചശേഷം പോരാട്ടപരിശീലനം നൽകാമെന്ന് തമാശയായി പറയുകയും ചെയ്തു.

പരസ്പരം അഭിവാദ്യം ചെയ്തപ്പോൾ മച്ചർ പ്രസിഡന്റിനെ ആലിംഗനം ചെയ്യുകയും അദ്ദേഹത്തെ കാണാനും ആദരം ഏറ്റുവാങ്ങാനും കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് പറയുകയും ചെയ്തു. തുടർന്ന് പ്രസിഡന്റിന്റെ ശ്രദ്ധ പൈലറ്റിന്റെ തലയിലെ മുറിവുകളിലേക്കെത്തി. തുന്നലുകൾ വ്യക്തമായി കാണാമായിരുന്നെങ്കിലും ഇരുവരും സംഭാഷണം തുടർന്നു.

സ്ലിങ്ങിൽ താങ്ങിനിർത്തിയിരുന്ന കൈ ചൂണ്ടി പ്രസിഡന്റ് ചോദിച്ചു: “എപ്പോഴാണ് നിങ്ങൾക്ക് സുഖം പ്രാപിക്കുക?”

“ഏകദേശം രണ്ടു മാസത്തിനുള്ളിൽ,” മച്ചർ മറുപടി നൽകി.

“എനിക്കൊരു ആശയമുണ്ട്. നിങ്ങൾ സുഖം പ്രാപിച്ചുകഴിഞ്ഞാൽ, എങ്ങനെ പോരാടണമെന്ന് പരിശീലിപ്പിക്കാൻ നമുക്ക് ഒരു സെഷൻ നടത്താം,” എന്നായിരുന്നു പ്രസിഡന്റിന്റെ തമാശ കലർന്ന പ്രതികരണം. ഇതുകേട്ട് ഇരുവരും പൊട്ടിച്ചിരിച്ചു.

“അത് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയായിരിക്കും,” എന്ന് ഹൃദയത്തിൽ കൈവച്ചുകൊണ്ട് മച്ചർ മറുപടി നൽകി.

ഫ്ലൈദുബായ് ജീവനക്കാരെയും യാത്രക്കാരെയും കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നതെന്ന് പറഞ്ഞ പ്രസിഡന്റ്, അവർക്ക് യുഎഇയുടെ പിന്തുണയുണ്ടാകുമെന്നും ഉറപ്പുനൽകി. “നിങ്ങളുടെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും യുഎഇ നിങ്ങളുടെ രാജ്യമാണ്. ഇവിടെ നിങ്ങൾക്ക് ഒരു വീടും കുടുംബവുമുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ജീവനക്കാരുടെ ഉത്തരവാദിത്തബോധം, പ്രൊഫഷണൽ മികവ്, ചുമതലകളോടുള്ള അർപ്പണബോധം എന്നിവയെ അദ്ദേഹം പ്രശംസിച്ചു.

പ്രസിഡൻഷ്യൽ കോർട്ടിലെ വികസനകാര്യങ്ങളുടെയും വീരമൃത്യു വരിച്ചവരുടെ കാര്യങ്ങളുടെയും ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ്, ദുബായ് എയർപോർട്സ് ചെയർമാൻ, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

തലയിലെ തുന്നലുകളും കൈയിലെ പരിക്കുമായി ആദരച്ചടങ്ങിനെത്തിയ ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ ശ്രദ്ധ നേടിയതോടെ, യുഎഇ പ്രസിഡന്റുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദസംഭാഷണവും സമൂഹമാധ്യമങ്ങളിൽ വൈറലായി.

By admin