എറണാകുളം: സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവുണ്ടെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അധ്യാപകൻ. എറണാകുളം പെരുമ്പാവൂർ ക്രാരിയേലി പാറക്കൽ ജിജോ ജെയിംസിനെയാണ് (35) കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വേങ്ങൂർ ഗ്രാമപഞ്ചായത് രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയയാണ് ജിജോ ജെയിംസ് മത്സരിച്ചത്.
രാഷ്‌ട്രീയ വിരോധമെന്ന വാദമായിരുന്നു മന്ത്രി ഉന്നയിച്ചത്. കോഴിക്കോട്ട് നടക്കുന്ന കായികമേളയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ഗൂഢാലോചന നടന്നു എന്ന സംഘാടകരുടെയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. ഇതിനിടെയാണ് ഇയാൾ യുഡിഎഫ് മത്സരാർത്ഥി ആയിരുന്നു എന്ന കാര്യം പുറത്തു വന്നത്.
സ്കൂൾ കായിക മേളയിലെ ഭക്ഷണത്തിൽ പുഴു: ആരോപണം ഉന്നയിച്ച അധ്യാപകൻ അറസ്റ്റിൽ
കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽനിന്നുള്ളതാണെന്ന വ്യാജേന, ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് കാണിച്ച് പ്രതി സമൂഹമാധ്യമങ്ങളിലൂടെ ലൈവ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. മേളയുടെ സുഗമമായ നടത്തിപ്പിനെ തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മനഃപൂർവം വ്യാജ വാർത്ത നിർമിച്ച് പ്രചരിപ്പിച്ചു എന്നാണ് കുന്ദമംഗലം പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലുള്ളത്.