കൊച്ചി:ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ പരീക്ഷ രേഖകള്‍ നല്‍കാന്‍ പി എസ് സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. പരാതിക്കാരനായ ശ്യാം കൃഷ്ണന് കോടതി നോട്ടീസ് അയച്ചു.സെലക്ഷന്‍ പ്രക്രിയ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ അത് പൂര്‍ത്തിയായ ശേഷം പരീക്ഷ രേഖകള്‍ നല്‍കാമെന്നാണ് പി എസ് സിയുടെ വാദം. അല്ലെങ്കില്‍ പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിക്കും.അഭിമുഖം കഴിഞ്ഞിട്ടില്ലെന്നും പിഎസ്‌സി കോടതിയില്‍ പറഞ്ഞു.
വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പിഎസ്‌സി നല്‍കിയ റിട്ട് ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹര്‍ജിയിലുള്ള സാങ്കേതിക പിഴവ് തിരുത്തി വീണ്ടും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം സ്വദേശി പരാതിക്കാരന്റെ അപേക്ഷയില്‍ പരീക്ഷയുടെ ഉത്തരക്കടലാസിന്റെയും അഭിമുഖ മാര്‍ക്ക് ലിസ്റ്റിന്റെയും മുഴുവന്‍ രേഖകളും ലഭ്യമാക്കാന്‍ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നെങ്കിലും ഈ ഉത്തരവ് പാലിക്കാന്‍ പിഎസ്‌സി തയാറായിട്ടില്ല. വിവരാവകാശ കമ്മീഷണര്‍ ഇതില്‍ കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനിടെയാണ് റിട്ട് ഹര്‍ജിയുമായി പി എസ് സി ഹൈക്കോടതിയെ സമീപിച്ചത്.