മൂവാറ്റുപുഴ ; റംബുട്ടാൻ പഴങ്ങൾ സംരക്ഷിക്കാൻ സ്ഥാപിക്കുന്ന വലകളിൽ പാമ്പുകൾ കുടുങ്ങുന്ന സംഭവങ്ങൾ വർധിക്കുന്നു. കിളികളിൽ നിന്നും മറ്റു ജീവികളിൽ നിന്നും പഴങ്ങൾ രക്ഷിക്കാൻ കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന നേർത്ത നൈലോൺ, പ്ലാസ്റ്റിക് നെറ്റുകളിലാണ് പാമ്പുകൾ കുടുങ്ങുന്നത് . മൂർഖൻ, അണലി തുടങ്ങിയ മാരക വിഷമുള്ള പാമ്പുകൾ മുതൽ വിഷമില്ലാത്ത ഇനങ്ങൾ വരെ ഇത്തരം വലകളിൽ കുരുങ്ങുന്നത് പതിവായതോടെ ജാഗ്രത വേണമെന്ന നിർദേശങ്ങളുമായി കൃഷി ഓഫിസർമാരും വന്യജീവി സംരക്ഷണ പ്രവർത്തകരും രംഗത്തെത്തി
വിപണിയിൽ കുറഞ്ഞ വിലക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന നൈലോൺ വലകളാണ് അപകടഭീഷണി ഉയർത്തുന്നത്. പഴങ്ങൾ പറിക്കാനായി മരങ്ങളിൽ കയറുമ്പോഴും വലകൾ പരിശോധിക്കുമ്പോഴും കർഷകർ അതീവ ശ്രദ്ധ പുലർത്തണമെന്നാണു മുന്നറിയിപ്പ്. വലയിൽ ചലനമറ്റ രീതിയിൽ കിടക്കുന്ന പാമ്പുകളെ കണ്ട് അവ ചത്തതാണെന്നു കരുതി സ്പർശിക്കരുതെന്നും പാമ്പുകൾ ഭയന്ന് പെട്ടെന്ന് ആക്രമിക്കാൻ സാധ്യത കൂടുതലാണെന്നും പാമ്പു പിടിത്തക്കാർ പറയുന്നു. വലയിട്ടിട്ടുള്ള റംബുട്ടാൻ മരങ്ങളുടെ സമീപത്തേക്കു കുട്ടികൾ ഒറ്റയ്‌ക്കു പോകുന്നതും പഴങ്ങൾ പറിക്കാൻ ശ്രമിക്കുന്നതും നിയന്ത്രിക്കണം. വലയിൽ പാമ്പുകൾ കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ടാൽ സ്വയം രക്ഷപ്പെടുത്താൻ ശ്രമിക്കാതെ ‘സർപ്പ’ വൊളന്റിയർമാരെ അറിയിക്കണമെന്നും നിർദേശമുണ്ട്.