• Sun. Sep 13th, 2026

24×7 Live News

Apdin News

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

Byadmin

Sep 13, 2026


പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട ജലം തമിഴ്നാട് അനുവദിക്കാത്തതിനെ തുടര്‍ന്ന് ചിറ്റൂര്‍ മേഖലയില്‍ ഒന്നാംവിള നെല്‍കൃഷി പ്രതിസന്ധിയില്‍. ഹെക്ടര്‍ കണക്കിന് നെല്‍പ്പാടങ്ങള്‍ ഉണക്ക് ഭീഷണി നേരിടുകയാണ്. പത്ത് വര്‍ഷക്കാലം ഭരിച്ച ഇടതു സര്‍ക്കാരിന്റെ കാലത്തുമാത്രമല്ല പുതിയ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടാവാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കര്‍ഷകര്‍ ആരോപിച്ചു.

കരാര്‍ പ്രകാരം നിലവിലെ 15 ദിവസ കാലയളവില്‍ ചിറ്റൂര്‍പ്പുഴയിലേക്ക് ലഭിക്കേണ്ടത് 400 ഘനയടി ജലമാണെങ്കിലും ഇപ്പോള്‍ ലഭിക്കുന്നത് കേവലം 100 ഘനയടി മാത്രമാണ്.
ജലലഭ്യത ഉറപ്പാക്കാത്തതിനെ തുടര്‍ന്ന് ഏകദേശം 50,000 ഏക്കര്‍ കൃഷി കര്‍ഷകര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. ഇതുവഴി 150 കോടിയോളം രൂപയുടെ നഷ്ടവും ഉണ്ടായി.

പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയുടെ വിവിധ അണക്കെട്ടുകളില്‍ ആവശ്യമായ ജലശേഖരം ഉണ്ടായിരിക്കെ കേരളത്തിന് കരാര്‍ പ്രകാരം അര്‍ഹമായ ജലം നല്‍കാത്തത് ഗുരുതരമായ വിഷയമാണ്. പദ്ധതിയുടെ പറമ്പിക്കുളം വിഭാഗങ്ങളില്‍ ഏകദേശം 3.7 ടി.എം.സി. ജലം ഉപയോഗിക്കാനാകുന്ന സാഹചര്യമുണ്ടെന്നിരിക്കെ, കേരളത്തിന് ലഭിക്കേണ്ട 400 ഘനയടി വെള്ളം പോലും നല്‍കാത്തത് കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണ്.

പറമ്പിക്കുളം മേഖലയില്‍നിന്ന് വിവിധ മാര്‍ഗങ്ങളിലൂടെ 2150 ഘനയടി വരെ ജലം ചിറ്റൂര്‍പ്പുഴയില്‍ എത്തിക്കാനുള്ള സാധ്യതയുണ്ട്. ആളിയാര്‍ അണക്കെട്ടിലേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ പോലും കാര്യക്ഷമമായി നടക്കുന്നില്ല.
ആവശ്യമായ സമയത്ത് യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയും കനാല്‍ വഴി നേരിട്ട് ആളിയാറിലേക്ക് വെള്ളം തുറന്നുവിടുകയും ചെയ്ത നടപടികള്‍ മുന്‍പ് സ്വീകരിച്ചിട്ടുണ്ടെന്നാണ് മുന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ വാദം.എന്നാല്‍ ഇത്തവണ കേരളത്തിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നാണ് വിമര്‍ശനം.

മുഖ്യമന്ത്രിതലത്തില്‍ ഇടപെടല്‍ നടത്തി തമിഴ്നാടില്‍നിന്ന് കരാര്‍പ്രകാരമുള്ള മുഴുവന്‍ ജലവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ചിറ്റൂര്‍ മേഖലയില്‍ കോടിക്കണക്കിന് രൂപയുടെ കൃഷി നശിക്കുന്ന സാഹചര്യമാണുള്ളത്. ഒന്നാംവിള നെല്‍കൃഷി സംരക്ഷിക്കുന്നതിന് അടിയന്തരമായി ജലവിതരണം പുനഃസ്ഥാപിക്കണമെന്നും കരാര്‍ വ്യവസ്ഥകള്‍ പാലിച്ച് കേരളത്തിന് അര്‍ഹമായ മുഴുവന്‍ ജലവും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



By admin