ന്യൂദൽഹി: പലാവു എന്ന രാജ്യത്തിനു വേണ്ടി ക്രൂഡ് ഓയിലുമായി സഞ്ചരിച്ച കപ്പലിന് ഒമാൻ കടലിടുക്കിൽ ഏറ്റ ആക്രമണത്തിൽ കാണാതായ മൂന്നു ഭാരതീയരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടുകിട്ടി. പലാവു എന്ന ചെറുരാജ്യത്തിന്റെ പതാകയുള്ള എംടി സെറ്റെബെല്ലോ എന്ന ടാങ്കറിന് നേരെ യുഎസ് സൈനിക ആക്രമണമാണുണ്ടായത്. മൂന്ന് ഭാരത നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കപ്പലിൽ ഉണ്ടായിരുന്ന 21 പേരെ രക്ഷപ്പെടുത്താനായി.
ഇറാനിൽ നിന്ന് എണ്ണ കടത്തുകയായിരുന്ന കപ്പൽ നിർദ്ദേശങ്ങൾ അനുസരിക്കാഞ്ഞതിനെ തുടർന്നാണ് ‘പ്രിസിഷൻ സ്‌െ്രെടക്ക്’ നടത്തിയതെന്ന് അമേരിക്കൻ സൈന്യം വിശദീകരിക്കുന്നു. ഭാരത നാവികരുടെ മരണത്തിന് പിന്നാലെ ന്യൂദൽഹിയിലെ യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ഭാരതംപ്രതിഷേധം രേഖപ്പെടുത്തി.
ഇന്ത്യൻ നാവിക സമൂഹത്തിന് ഇത് നികത്താനാവാത്ത വലിയൊരു നഷ്ടമാണെന്ന് കേന്ദ്ര തുറമുഖഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പം മോദി സർക്കാർ ഉറച്ചുനിൽക്കുമെന്നും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി. രക്ഷപ്പെട്ട ക്രൂ അംഗങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കാനും മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ അന്ത്യകർമ്മങ്ങൾക്കായി വേഗത്തിൽ തിരികെ എത്തിക്കാനുമുള്ള നടപടികൾ സ്വീകരിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.