കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ് . വൈകുന്നേരം 5 മണി വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 89.99 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഹൂഗ്ലി, പൂര്‍ബ ബര്‍ധമാന്‍ എന്നീ ജില്ലകളില്‍ പോളിംഗ് 90 ശതമാനം കടന്നു.
മമത ബാനര്‍ജിയും സുവേന്ദു അധികാരിയും നേര്‍ക്കുനേര്‍ പോരാടുന്ന ഭവാനിപൂരില്‍ 85.51 ശതമാനത്തിലധികം പോളിംഗ് നടന്നു. ഏഴു ജില്ലകളിലെ 142 മണ്ഡലങ്ങളാണ് ബുധനാഴ്ച പോളിംഗ് നടന്നത്.
152 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തില്‍ 93.19 ശതമാനം പോളിംഗാണ് നടന്നത്.
പോളിംഗ് പുരോഗമിക്കവെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ അക്രമസംഭവങ്ങളുണ്ടായി. സൗത്ത് 24 പര്‍ഗാനസിലെ സത്ഗാചിയയിലും ഭവാനിപൂരിലും സംഘര്‍ഷം നടന്നു.
നാദിയ ജില്ലയിലെ ചപ്രയില്‍ ബിജെപി ബൂത്ത് ഏജന്റിനെ തോക്കുമായെത്തിയ സംഘം ആക്രമിച്ചു. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൂര്‍ബ ബര്‍ധമാനിലെ കേതുഗ്രാം മണ്ഡലത്തില്‍ ചാക്കില്‍ നിറച്ച നിലയില്‍ ബോംബുകള്‍ കണ്ടെടുത്തത് പരിഭ്രാന്തിക്കിടയാക്കി.