ആലപ്പുഴ: സിപിഎമ്മും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് ജി. സുധാകരന്‍. അമ്പലപ്പുഴയിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഞാനും എന്റെ ഭാര്യയും തട്ടാനും എന്ന സമീപനത്തിന് ജനം നല്‍കിയ ശക്തമായ മറുപടിയാണിത്. വിശാലബോധമാണ് ജനപിന്തുണയുടെ അടിസ്ഥാനം, മറിച്ചായാല്‍ ജനം കൈവിടും അതാണ് സിപിഎമ്മിന് സംഭവിച്ചത്.
ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കി ഭരണവും പാര്‍ട്ടിയും ഒരുവിഭാഗത്തിന്റെത് മാത്രമാക്കി. ഒരു ചെറിയവിഭാഗത്തെ ചുറ്റം നിര്‍ത്തി പ്രോത്സാഹിപ്പിക്കുകയായിരുന്നു. താന്‍ ജനകീയ സ്വതന്ത്രനായാണ് മത്സരിച്ചത്. ഒരുപാര്‍ട്ടിയുമായി കൂടിയാലോചിച്ചല്ല മത്സരരംഗത്തിറങ്ങിയത്. ഭാര്യയും മകനുമായി മാത്രമാണ് മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. തികഞ്ഞ വിജയപ്രതീക്ഷയിലാണ് മത്സരിക്കാനിറങ്ങിയതെന്നും അദ്ദേഹം പ്രതികരിച്ചു.