പാലക്കാട്: ഭാരതീയതയും ദേശീയതയും ഉണര്‍ത്തിപ്പിടിച്ചും ഇരുപത്തിയെട്ട് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും പരാമര്‍ശിച്ചും, അവയുടെ പ്രാധാന്യത്തെ അടയാളപ്പെടുത്തികൊണ്ടുമുള്ള ഭാരത പര്യടനഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.
ഇതാദ്യമായാണ് മലയാളത്തില്‍ ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളളെയും അവയുടെ സവിശേഷതകളെയും വര്‍ണ്ണിക്കുന്ന ഗാനം പുറത്തിറങ്ങുന്നത്. ആറു മിനിറ്റ് നീളുന്ന വരികളിലൂടെ ഒരു ഭാരതയാത്രതന്നെയാണ് ഈ ഗാനം. പാലക്കാട് പുതിയങ്കം സ്വദേശിയായ മേതില്‍ സതീശനും മേലാര്‍കോട് സ്വദേശി ആര്‍.സി.നായരും ചേര്‍ന്നാണ് ഈ സംഗീത ആല്‍ബം ഒരുക്കിയത്. ഗാനരചനയും ഈണവും ലീഡ് ആലാപനവും സതീശന്‍ന്റേതാണ്. വരികള്‍ക്ക് അനുയോജ്യമായ മനോഹരമായ ഭാരതത്തിന്റെ വൈവിധ്യങ്ങളായ ദൃശ്യങ്ങളെ സന്നിവേശിപ്പിച്ചത് വിഷ്വല്‍ എഡിറ്റര്‍ ആര്‍.സി. നായരാണ്. പശ്ചാത്തല സംഗീതം മുഴുവനായും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചെയ്തതെന്ന സവിശേഷതയും ഈ ആദരഗാനത്തിനുണ്ട്.
നേരത്തെ കേരളത്തിലെ പതിനാല് ജില്ലകളെ കോര്‍ത്തിണക്കിക്കൊണ്ട് ഇതേ ടീം പുറത്തിറക്കിയ ‘കേരളഗാനം’ സംഗീത ആല്‍ബവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഭാരതത്തിലെ സകല വാദ്യവിശേഷങ്ങളെയും പരിചയപ്പെടുത്തുന്ന വാദ്യമാല, മലയാളത്തിലെ എല്ലാ അക്ഷരങ്ങളിലും തുടങ്ങുന്ന അക്ഷരമാലാഗീതം, മലയാളത്തിലെ ആദ്യ പാചക ഗാനങ്ങള്‍ തുടങ്ങിയവയും മേതില്‍ സതീശന്‍ പുറത്തിറക്കിയിട്ടുണ്ട്.
ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മേതില്‍ സതീശന്റെ രചനയിലും സംഗീതത്തിലും ആലാപനത്തിലുമായി നൂറിലധികം പാട്ടുകളുടെ ആല്‍ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഓരോന്നും വ്യത്യസ്ത വിഷയവും ആശയവും കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്.