• Thu. Oct 29th, 2026

24×7 Live News

Apdin News

പിഎസ്‌സി ക്രമക്കേട്: ഗവർണറെ കണ്ട് ബിജെപി നേതാക്കൾ; ശക്തമായ നടപടി ആവശ്യപ്പെട്ടു

Byadmin

Oct 29, 2026


തിരുവനന്തപുരം: കേരള പി.എസ്‌സിയിലെ ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ ഗവർണറെ ധരിപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ, നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാർ എംഎൽഎ, വി. മുരളീധരൻ എംഎൽഎ എന്നിവർ. പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ യുവജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ ശക്തമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടതായി ബി.ബി. ഗോപകുമാർ അറിയിച്ചു.

പി.എസ്.സി റാങ്ക് ഹോൾഡർമാർ തലമുണ്ഡനം ചെയ്ത് സമരം നടത്തുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ഗോപകുമാറിന്റെ ആരോപണം. സമരം ആരംഭിച്ച് 150 ദിവസത്തോളം സർക്കാർ നിഷ്ക്രിയത്വം തുടരുകയായിരുന്നുവെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം ഗവർണർ രാഷ്‌ട്രപതിക്ക് ശുപാർശ നൽകിയതിനു ശേഷമാണ് സർക്കാർ വിഷയത്തിൽ ഇടപെടാൻ തയ്യാറായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി രാജ്യവ്യാപകമായി സംസാരിക്കുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെ പി.എസ്.സി ക്രമക്കേടുകളിലും യുവജനങ്ങൾ നേരിടുന്ന അനീതിയിലും മൗനം പാലിക്കുകയാണെന്നും ഗോപകുമാർ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് നേതൃത്വത്തിന്റെയും നിലപാടുകളെ കാപട്യവും തട്ടിപ്പ് രാഷ്‌ട്രീയവുമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

By admin