• Thu. Oct 29th, 2026

24×7 Live News

Apdin News

ശിൽപി ശിവാനന്ദന്റെ സർഗവൈഭവം; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മഹിഷാസുരമർദിനി ശിൽപം ചമ്മനാട്ട്

Byadmin

Oct 29, 2026


എരമല്ലൂര്‍ (ആലപ്പുഴ): ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മഹിഷാസുരമര്‍ദിനി ശില്‍പം ശ്രദ്ധേയമാകുന്നു. കോടംതുരുത്ത് കിഴക്കെ ചമ്മനാട് ദേവീക്ഷേത്രത്തിലാണ് 51 അടി ഉയരത്തില്‍ ദേശീയ പാത 66ല്‍ തുറവൂര്‍ – അരൂര്‍ ഉയരപ്പാതക്കരുകില്‍ വലിയകാണിക്ക മണ്ഡപത്തോടുകൂടിയുള്ള മഹിഷാസുരമര്‍ദിനീ രൂപം നിര്‍മിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഗണപതി ശില്പവും നവദുര്‍ഗ ഭാവരൂപത്തിലുള്ള നവഭാവ ദേവീ രൂപശില്പങ്ങളും നിര്‍മിച്ചിട്ടുണ്ട്. ഇത് ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നു.

കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും ഒട്ടനവധി ക്ഷേത്രങ്ങളിലെ ശില്പങ്ങളും ഗുരുദേവ പ്രതിമകളുടെയും, ക്രിസ്തീയ ദേവാലയങ്ങളിലെ രൂപങ്ങളും, അള്‍ത്താരശില്പങ്ങളുടെയും നിര്‍മാണത്തിലൂടെ പ്രശസ്തനായ ശില്പി എരമല്ലൂര്‍ ശിവാനന്ദനാണ് മഹിഷാസുരമര്‍ദിനി ശില്‍പവും നിര്‍മിച്ചത്. 1987ല്‍ നിലയ്‌ക്കല്‍ ക്ഷേത്ര കവാടത്തിലെ ശിവരൂപം, 1997ല്‍ ഇടുക്കി വണ്ടന്‍മേട് ഗണപതി ക്ഷേത്രത്തിന്റെ കുമളി- പൂഞ്ഞാര്‍ റൂട്ടില്‍ ആമയാര്‍ ജങ്ഷനിലെ 35 അടി ഉയരമുള്ള ഗണപതി വിഗ്രഹം, മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ ടി.എന്‍. ശേഷന്റെ ആഗ്രഹസാഫല്യത്താല്‍ ചന്തിരൂര്‍ ശ്രീകൃഷ്ണന്‍ കോവിലില്‍ നിര്‍മിച്ചു നല്‍കിയ ഗരുഢരൂപം, പാണാവള്ളി നാല്പത്തെണ്ണീശ്വര ക്ഷേത്രത്തിലെ മുഖമണ്ഡപം, തിരുവനന്തപുരം തൊഴുവന്‍കോട് ദേവീക്ഷേത്രത്തിലെ ചാമുണ്ഡിദേവീ ശില്പങ്ങളും, ശബരിമല പമ്പ ഗണപതി കോവിലിന് താഴെ പുലിവാഹന അയ്യപ്പശില്പം, ബാംഗ്ലൂര്‍ ശ്രീശ്രീ രവിശങ്കര്‍ ആസ്ഥാനത്തെ ശ്രീബുദ്ധന്‍, ശങ്കരാചാര്യര്‍, തിരുവനന്തപുരം ബാലരാമപുരം ബിഎഡ് കോളജ് മുന്നിലെ മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ള എന്നിവരുടെ പ്രതിമകളും ഇദ്ദേഹം നിര്‍മിച്ചതില്‍ ഏറെ ശ്രദ്ധ നേടിയതാണ്. നവഭാവ ദേവീ രൂപശില്പങ്ങളും നിര്‍മിച്ചിട്ടുണ്ട്.

2011ല്‍ പടിഞ്ഞാറെ ചമ്മനാട് ഭഗവതി ക്ഷേത്ര മൈതാനത്ത് പാതയ്‌ക്ക് സമീപം സ്ഥാപിച്ച രൗദ്രഭാവത്തില്‍ ഒരു കൈയില്‍ ദാരികന്റെ ശിരസും മറുകൈയ്യില്‍ വാളുമായി നില്‍ക്കുന്ന ഭദ്രകാളിയുടെ ശില്പവും ശിവാനന്ദന്റെ കഴിവു തെളിയിക്കുന്നതാണ്. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ കീഴില്‍ പരിശീലിച്ച് ശില്പകലാ ബിരുദം നേടിയിട്ടുള്ള ശിവാനന്ദന്‍ (66) തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എരമല്ലൂര്‍, തട്ടാംവെളി നികര്‍ത്ത് പരേതനായ ദാമോദരന്‍ ആചാരിയുടെയും, ലക്ഷ്മിക്കുട്ടിയമ്മയുടയും മകനാണ്. ഭാര്യ അശ്വനി. മക്കള്‍: അഞ്ജന, അജയ്.

By admin