പൂനെ: മഹാരാഷ്‌ട്രയിലെ പുണെയില്‍ ക്ഷേത്ര ഉത്സവത്തിനിടയിലെ മേളയില്‍ നിന്ന് വാങ്ങിയ ബെഡ് ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ലേബല്‍. ഈ ബെഡ് ഷീറ്റ് വാങ്ങിയ പൂജ സറഫ് എന്ന യുവതി ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ഇക്കാര്യം വൈറലായി. ഇതോടെ പൂന പൊലീസ് അന്വേഷണം തുടങ്ങി.
പുതപ്പ് വില്‍പനക്കാരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണം സംഘം. പിംപ്രി-ചിഞ്ച്‌വാഡിലെ മൊറായ ഗോസാവി ക്ഷേത്രത്തില്‍ ബുധനാഴ്ച നടന്ന സങ്കഷ്ടി ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ചുള്ള വില്‍പനച്ചന്തയില്‍ നിന്നാണ് യുവതി ബെഡ്ഷീറ്റ് വാങ്ങിയത്. വാങ്ങിക്കൊണ്ടുവന്ന കിടക്കവിരി അലക്കുന്നതിനിടയിലാണ് ‘മെയ്ഡ് ഇൻ പാകിസ്താൻ’ എന്ന് എഴുതിയ ടാഗ് ശ്രദ്ധയില്‍പ്പെട്ടത്.
മറാത്തിക്കാരിയായ പൂജ സറഫ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നത് താന്‍ ക്ഷേത്രത്തിലെ സങ്കഷ്ടി ചതുര്‍ത്ഥി പ്രമാണിച്ച് ബെഡ് ഷീറ്റ് വാങ്ങിയെന്നാണ്. “നമ്മള്‍ അതിർത്തിയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്? എന്നിട്ടും നമ്മുടെ വീട്ടില്‍ ദാ ‘മെയ്ഡ് ഇൻ പാകിസ്താൻ’ സാധനം എത്തിയിരിക്കുന്നു. എന്നെപ്പോലെ ഒരുപാട് പേർ അവിടെ നിന്ന് ബെഡ്ഷീറ്റുകള്‍ വാങ്ങിയിട്ടുണ്ടാകും, ഇത് അവരുടെയൊക്കെ വീടുകളിലും എത്തിയിട്ടുണ്ടാകും. സാധനങ്ങള്‍ വാങ്ങുമ്പോള്‍ എല്ലാവരും കണ്ണുതുറന്ന് പിടിക്കുക, ഇപ്പോള്‍ എന്റെ കണ്ണ് തുറന്നു.”- വീഡിയോയില്‍ പൂജ സറഫ് പറയുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൻതോതില്‍ പ്രചരിച്ചതോടെ പിംപ്രി-ചിഞ്ച്‌വാഡ് പൊലീസ് ഉടനടി രംഗത്തിറങ്ങുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. ഇതുവരെ ഔദ്യോഗികമായി ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും വീഡിയോയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസ് അന്വേഷിക്കുന്നത്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പിംപ്രി-ചിഞ്ച്‌വാഡ് മുൻസിപ്പല്‍ കോർപ്പറേഷനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്താനില്‍ നിന്നുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാത്തരം ഇറക്കുമതികള്‍ക്കും കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം കർശന നിരോധനം ഏർപ്പെടുത്തിയിരുന്നു. മഹാരാഷ്‌ട്രയില്‍ പാകിസ്താൻ നിർമ്മിത ഉല്‍പ്പന്നങ്ങള്‍ പിടികൂടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം ഏപ്രില്‍ 4-ന് ധൂലെയില്‍ നടത്തിയ റെയ്ഡില്‍ പാകിസ്താനില്‍ നിന്നെത്തിച്ച സോപ്പ്, ഫേസ് ക്രീം, സിറം അടക്കമുള്ള 61,000 രൂപയുടെ സൗന്ദര്യവർദ്ധക വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ ഉല്‍പന്നങ്ങള്‍ വിറ്റ രണ്ട് കച്ചവടക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് ഒരാഴ്ച മുൻപ് ഛത്രപതി സംഭാജിനഗറിലും പാക് നിർമ്മിത ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതിനും വിറ്റതിനും പൊലീസ് കേസെടുത്തിരുന്നു.