
ന്യൂദൽഹി/ബെംഗളൂരു: പെട്രോളിൽ അനുവദനീയമായ അളവിലും കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന ആരോപണത്തെച്ചൊല്ലി കർണാടക സർക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും തമ്മിൽ തർക്കം. സംസ്ഥാനത്തെ ചില പെട്രോൾ പമ്പുകളിൽ വിൽക്കുന്ന ഇന്ധനത്തിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്നാണ് കർണാടക മന്ത്രി റിസ്വാൻ അർഷാദിന്റെ വെളിപ്പെടുത്തൽ. നിലവിലെ E20 മാനദണ്ഡപ്രകാരം പെട്രോളിൽ പരമാവധി 20 ശതമാനം എഥനോൾ മാത്രമാണ് കലർത്തേണ്ടത്.
ആരോപണം ഉയർന്നതിന് പിന്നാലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (HPCL) എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ പ്രതികരിച്ചു. കർണാടക സർക്കാരിന്റെ കണ്ടെത്തലുകളെ തള്ളിയ കമ്പനികൾ പരിശോധനാ നടപടിക്രമങ്ങളുടെ വിശ്വാസ്യതയും ചോദ്യം ചെയ്തു.
ബെംഗളൂരു, കോലാർ, ചിക്കബല്ലാപുര, ബെംഗളൂരു റൂറൽ, രാമനഗര, മംഗളൂരു, തുമകുരു എന്നീ ഏഴ് ജില്ലകളിൽനിന്നായി സംസ്ഥാന സർക്കാർ പെട്രോളിന്റെ 63 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ബെംഗളൂരുവിലെ ശ്രീറാം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇവ പരിശോധിച്ചത്. ഐഒസിയുടെ ഒരു സാമ്പിളിൽ 31.2 ശതമാനവും എച്ച്പിസിഎല്ലിന്റെ സാമ്പിളിൽ 30.5 ശതമാനവും എഥനോൾ കണ്ടെത്തിയെന്നാണ് പരിശോധനാഫലങ്ങൾ വ്യക്തമാക്കുന്നതെന്ന് അർഷാദ് പറഞ്ഞു. മറ്റ് സാമ്പിളുകളിൽ 25.5 മുതൽ 27 ശതമാനം വരെയാണ് എഥനോളിന്റെ അളവെന്നും അദ്ദേഹം അവകാശപ്പെട്ടു.
E20 ഇന്ധനത്തിന്റെ ഉപയോഗം വാഹനങ്ങളുടെ മൈലേജിനെയും പരിപാലനച്ചെലവിനെയും ബാധിക്കുമെന്ന വാദവും മന്ത്രി ആവർത്തിച്ചു. വാഹന നിർമാതാക്കളുടെയും ഇൻഷുറൻസ് മേഖലയുടെയും കണക്കുകൾ ഉദ്ധരിച്ച് ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
2025 ഏപ്രിൽ മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ 46 ദശലക്ഷം ടൺ ഇന്ധനം വിറ്റഴിച്ചിട്ടുണ്ടെന്നും മൈലേജിൽ പത്തു ശതമാനം കുറവുണ്ടായാൽ ഉപഭോക്താക്കൾക്ക് പ്രതിവർഷം 62,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അർഷാദ് കണക്കുകൂട്ടി. പെട്രോളിന്റെ ശരാശരി വില ലിറ്ററിന് 100 മുതൽ 110 രൂപ വരെയാണെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ.
രാജ്യത്തെ 35 കോടി വാഹനങ്ങളിൽ E20 ഇന്ധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം വാഹനങ്ങളുടെ ശരാശരി സർവീസിങ് ചെലവിൽ 2,000 മുതൽ 3,000 രൂപ വരെ വർധനയുണ്ടായാൽ പ്രതിവർഷം 39,000 മുതൽ 40,000 കോടി രൂപ വരെ അധികബാധ്യതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിൽപ്പന നടത്തുന്ന പെട്രോളിലെ യഥാർഥ എത്തനോൾ മിശ്രണത്തിന്റെ അളവ് കേന്ദ്രസർക്കാർ പരസ്യപ്പെടുത്തണമെന്ന് കർണാടക ആവശ്യപ്പെട്ടു. രാജ്യത്തെ ഇന്ധനവിൽപ്പന കേന്ദ്രങ്ങളിൽ വിവിധതരം എഥനോൾ മിശ്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കണമെന്നും ഉപഭോക്താക്കൾക്ക് ഇന്ധനം തിരഞ്ഞെടുക്കാൻ അവസരമൊരുക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
പരിശോധനാ നടപടിക്രമങ്ങൾ ചോദ്യം ചെയ്ത് എണ്ണക്കമ്പനികൾ
കർണാടക സർക്കാരിന്റെ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളൊന്നും നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചുള്ള പരിശോധനകളിൽ ലഭിച്ചിട്ടില്ലെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. ഒക്ടോബറിൽ സംസ്ഥാന സർക്കാർ നടത്തിയ സാമ്പിൾ ശേഖരണത്തിൽ കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകൾ, പെട്രോൾ പമ്പുകളുടെ വിശദാംശങ്ങൾ, ലബോറട്ടറി റിപ്പോർട്ടുകൾ എന്നിവ ആവശ്യപ്പെട്ടിട്ടും ലഭിച്ചിട്ടില്ലെന്നും കമ്പനികൾ ആരോപിച്ചു. നിലവിലെ ചട്ടപ്രകാരം പരിശോധനയ്ക്കായി ഒരു ലിറ്റർ വീതമുള്ള ആറ് സാമ്പിളുകളാണ് ശേഖരിക്കേണ്ടത്. ഇതിൽ രണ്ടെണ്ണം പമ്പ് ഡീലർക്ക് നൽകുകയും രണ്ടെണ്ണം എണ്ണക്കമ്പനിയുടെയോ ബന്ധപ്പെട്ട വകുപ്പിന്റെയോ കൈവശം സൂക്ഷിക്കുകയും ചെയ്യും. ശേഷിക്കുന്ന രണ്ട് സാമ്പിളുകളാണ് അംഗീകൃത ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയക്കേണ്ടത്.
മൂന്നാംകക്ഷി ലബോറട്ടറിയുടെ പരിശോധനാ റിപ്പോർട്ടിൽ എത്തനോളിന്റെ അളവ് സ്വതന്ത്രമായി വിലയിരുത്താൻ ആവശ്യമായ വിശദാംശങ്ങളില്ലെന്നും എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടി. സെപ്റ്റംബറിൽ നടത്തിയ പരിശോധനയിൽ ശേഖരിച്ച സാമ്പിളുകൾ തങ്ങളുടെ നിയുക്ത ലബോറട്ടറികളിൽ പരിശോധിച്ചിരുന്നുവെന്നും അവർ അറിയിച്ചു.
കർണാടക ഉൾപ്പെടെ രാജ്യത്തുടനീളം തങ്ങൾ വിതരണം ചെയ്യുന്ന E20 പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ IS 17021 മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്നും മൂന്ന് എണ്ണക്കമ്പനികളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.