ന്യൂദൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് ഇനി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിൽ നിയമപരമായ തടസമില്ലെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
പേരറിവാളന്റെ അഭിഭാഷക എൻറോൾമെന്റ് ചോദ്യം ചെയ്ത് കോൺഗ്രസ് എം.പി. ആർ. സുധ നൽകിയ ഹർജിയിലാണ് കേന്ദ്രം മദ്രാസ് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. വധശിക്ഷയോ ജീവപര്യന്തമോ ലഭിച്ച ഒരാൾക്ക് അഭിഭാഷകനായി എൻറോൾ ചെയ്യാൻ കഴിയില്ലെന്ന അഭിഭാഷക നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ആർ. സുധ ഹർജി നൽകിയത്.
എന്നാൽ, അഭിഭാഷക നിയമപ്രകാരമുള്ള അയോഗ്യത ജയിൽ മോചിതനായി രണ്ട് വർഷം കഴിഞ്ഞാൽ അവസാനിക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ നിയമവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. അതിനാൽ പേരറിവാളന് അഭിഭാഷകനായി പ്രവർത്തിക്കുന്നതിന് നിലവിൽ നിയമതടസമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പേരറിവാളൻ മുപ്പത് വർഷത്തിലധികം ജയിൽവാസം അനുഭവിച്ച ശേഷമാണ് 2022 മേയ് 18ന് മോചിതനായത്. പിന്നീട് കർണാടകയിലെ സ്വകാര്യ നിയമ കോളേജിൽ പ്രവേശിച്ച് നിയമപഠനം പൂർത്തിയാക്കി. തുടർന്ന് ഏപ്രിലിൽ അഭിഭാഷകനായി എൻറോൾ ചെയ്യുകയും ചെയ്തു. ഈ എൻറോൾമെന്റിനെതിരായ ഹർജിയിലാണ് കേന്ദ്രത്തിന്റെ നിലപാട്.