• Mon. Nov 23rd, 2026

24×7 Live News

Apdin News

പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരന്‍ സര്‍ക്കാര്‍ പ്രതിനിധിയോ?

Byadmin

Nov 23, 2026



ഭാരതവും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാന്‍ ‘കൊച്ചി ഡയലോഗ് 2026’ എന്ന പേരില്‍ കൊച്ചിയിലെ താജ് ഹോട്ടലില്‍ നടന്ന അന്താരാഷ്‌ട്ര സമ്മേളനത്തില്‍ നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദി നേതാവ് പ്രതിനിധിയായി പങ്കെടുത്തത് ഞെട്ടിക്കുന്നതാണ്. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പോളിസി പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് ഡിവിഷനുമായി സഹകരിച്ച് കൊച്ചിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സിപിപിആര്‍) സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടിയിലാണ് പിഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും, ഭീകരവാദവുമായി ബന്ധപ്പെട്ട കേസില്‍ 2022 ഒക്ടോബറില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി സി.എ. റൗഫിനെ പങ്കെടുപ്പിച്ചത്. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, നയതന്ത്രജ്ഞര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ഭാരതത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയിലാണ് ഒരു ഭീകരന് പച്ചപ്പരവതാനി വിരിച്ചത്.

കേരള സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, സിയാല്‍ എം.ഡി: എസ്. സുഹാസ് ഐഎഎസ്, പി.എസ്. ഗംഗാധര്‍ ഐഎഫ്എസ്, യുഎഇയിലെ മുന്‍ ഭാരത അംബാസഡര്‍ സഞ്ജയ് സുധീര്‍, കുവൈറ്റ് ധനകാര്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി സഅദ് ഉഖ്ല അല്‍-അലാതി, കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ എ. അമര്‍നാഥ് ഐഎഫ്എസ്, ഭാരത വിദേശകാര്യ മന്ത്രാലയത്തിലെ മനീഷ സ്വാമി ഐഎഫ്എസ്, ജമാല്‍ ഫക്രു തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടി പൂര്‍ണ്ണമായും ഔദ്യോഗിക സ്വഭാവത്തില്‍ ഉള്ളതായിരുന്നു. എന്നിട്ടും എങ്ങനെയാണ് രാജ്യത്തിനെതിരെ യുദ്ധം ചെയ്തത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുകയും, കോടതി ശരിവയ്‌ക്കുകയും ചെയ്ത ഒരു സംഘടനയുടെ പ്രമുഖന്‍ പങ്കെടുത്തതെന്ന ചോദ്യത്തിന് സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരും സംഘാടകരും ഉത്തരം നല്‍കിയേ മതിയാവൂ.

പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത വിദേശകാര്യ മന്ത്രാലയത്തിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ജി.വി. ശ്രീനിവാസ് പ്രസംഗം അവസാനിപ്പിച്ചത് ‘അസ്സലാമു അലൈക്കും’ എന്ന സംബോധനയോടെയാണെന്ന് പിഎഫ്ഐ ഭീകരനായ റൗഫ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു! വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിത്. കേരളത്തിന്റെ ഭരണം ഇസ്ലാമിക മതമൗലികവാദികളെയും കടന്ന് ഭീകരവാദികള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണോ എന്ന സംശയമാണ് ഇതിലൂടെ ഉയരുന്നത്. പരിപാടി സംഘടിപ്പിച്ച കൊച്ചിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചാണ് റൗഫിന് പ്രതിനിധി പാസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തത്. ഭീകരവാദവുമായി ബന്ധപ്പെട്ട കേസില്‍ ദീര്‍ഘകാലം ജയിലില്‍ കിടന്ന ഒരാള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ നല്‍കി ഔദ്യോഗിക പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ ഒരുപാട് ദുരൂഹതകളുണ്ട്. എന്താണ് സിപിപിആറും റൗഫും തമ്മിലുള്ള ബന്ധം? ഇവര്‍ സ്വന്തം നിലയ്‌ക്ക് ഇയാളെ വിളിച്ചതാണോ? മറ്റാരുടെയെങ്കിലും ഇടപെടലോ പ്രേരണയോ ഇതിലുണ്ടോ എന്നീ കാര്യങ്ങള്‍ വെളിപ്പെടേണ്ടതുണ്ട്.

ഔദ്യോഗിക ചര്‍ച്ചകള്‍ക്കപ്പുറം സര്‍ക്കാര്‍ തലത്തില്‍ തീരുമാനങ്ങളെടുത്ത് കൃത്യമായ നയരൂപീകരണവും വിലയിരുത്തലുകളും നടത്തേണ്ട ഒരു വേദിയില്‍ സുരക്ഷാപരിശോധനങ്ങള്‍ മറികടന്ന് ഒരു മതഭീകരവാദി പങ്കെടുത്തത് എങ്ങനെയാണെന്ന അന്വേഷണത്തിന് വിവിധ ഏജന്‍സികള്‍ തുടക്കം കുറിച്ചു കഴിഞ്ഞു. സംഘാടകരില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട് എന്നാണ് അറിയുന്നത്. രാജ്യസുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഒരു സംഭവമാണ് നടന്നിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി എന്ന പാക് ഭീകരന്‍ കൊച്ചിയില്‍ വന്നുപോയത് വലിയ വിവാദമായതാണല്ലോ. സമീപകാലത്ത് രാജ്യത്തെ മറ്റിടങ്ങളില്‍ നിന്നുവന്ന് ഒളിവില്‍ കഴിയുന്ന പല ഇസ്ലാമിക ഭീകരരും കൊച്ചിയില്‍ പിടിയിലായിട്ടുണ്ട്. അധികാരത്തിലെത്തിയ യുഡിഎഫ് ഭരണകൂടവും ഇസ്ലാമിക ഭീകരവാദികളോട് മൃദുസമീപനം സ്വീകരിക്കുകയാണ്. എന്തായാലും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണം. ഭരണത്തില്‍ ഇരുന്നുകൊണ്ട് ഭീകരവാദികള്‍ക്ക് വിടുപണി ചെയ്യുന്നവരെ പുറത്തുകൊണ്ടുവരണം.

By admin