• Tue. Aug 11th, 2026

24×7 Live News

Apdin News

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

Byadmin

Aug 11, 2026


കൊല്ലം: ഡിജിറ്റല്‍, ടെക്‌നോളജി അധിഷ്ഠിതമായ ഇന്നത്തെ സമ്പദ്വ്യവസ്ഥയില്‍ സാങ്കേതികവിദ്യയും നവീന ആശയങ്ങളുമാണ് ഭാവിയിലെ സാമ്പത്തിക വളര്‍ച്ച നിര്‍ണയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ. ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളെല്ലാം നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിഭകള്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്. എന്നാല്‍ കേരളം ഈ മാറ്റത്തിന്റെ ഗതിക്കൊപ്പം സഞ്ചരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ‘കേരളത്തിന്റെ വികസന പ്രതിസന്ധികള്‍, പരിഹാര മാര്‍ഗങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികവളര്‍ച്ചയുടെ അടിസ്ഥാന തത്വം തന്നെ നിക്ഷേപങ്ങള്‍ പ്രതിഭകളെ ആകര്‍ഷിക്കുകയും പ്രതിഭകള്‍ അവസരങ്ങളുള്ള ഇടങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നതാണ്. കേരളത്തില്‍ ഉയര്‍ന്ന യുവജന തൊഴിലില്ലായ്‌മ നിലനില്‍ക്കുന്നതിനാല്‍ അനുയോജ്യമായ തൊഴിലവസരങ്ങള്‍ തേടി കഴിവുറ്റ യുവാക്കള്‍ തമിഴ്നാട്, കര്‍ണാടക, ഓസ്ട്രേലിയ, യുകെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറേണ്ട സാഹചര്യമാണുള്ളത്. കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ഇവിടെയുള്ള കഴിവുറ്റ യുവതലമുറയാണ്. എന്നാല്‍ അവരുടെ കഴിവുകള്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ നിക്ഷേപങ്ങള്‍ ഉന്നത വിദ്യാഭ്യാസമേഖലയിലോ തൊഴില്‍ മേഖലയിലോ ഉണ്ടാകുന്നില്ല.

യുവാക്കള്‍ക്ക് കേരളത്തില്‍ തന്നെ മികച്ച വിദ്യാഭ്യാസവും ജോലിയും ലഭിക്കുന്ന സാഹചര്യം ഒരുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ധവളപത്രത്തിലെ കണക്കുകള്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എത്ര ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു. സര്‍ക്കാര്‍ വരുമാനത്തിന്റെ വലിയൊരു ഭാഗം കടബാധ്യതകള്‍, പലിശ, പെന്‍ഷന്‍, മറ്റ് ആവര്‍ത്തന ചെലവുകള്‍ എന്നിവയ്‌ക്കായി മാറ്റിവയ്‌ക്കേണ്ടി വരുന്നു. ഇതോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മൂലധന നിക്ഷേപത്തിനും ആവശ്യമായ വിഭവങ്ങള്‍ സംസ്ഥാനത്തിന് ലഭിക്കാത്ത അവസ്ഥയാണ്. മാറുന്ന ലോകസമ്പദ്വ്യവസ്ഥയുടെ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി നിക്ഷേപം, സാങ്കേതികവിദ്യ, വ്യവസായം, നവീകരണം, പ്രതിഭകള്‍, തൊഴിലവസരങ്ങള്‍ എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കുന്ന പുതിയ വികസനമാതൃകയാണ് കേരളത്തിന് ആവശ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുന്‍ ഡിജിപി ജേക്കബ് തോമസ്, ആര്‍. രാജീവ്, മുന്‍ രാജ്യസഭാ അംഗം ഡോ. രാകേഷ് സിന്‍ഹ, ആര്‍. സഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു.

 



By admin