പാട്ന: ബിഹാറിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ തടഞ്ഞുനിർത്തി പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. തെളിവെടുപ്പിനിടെ പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയാണ് നന്ദൻ യാദവ് എന്ന പ്രതിക്ക് വെടിയേറ്റത്.
ഈ സംഭവത്തിൽ ഇതുവരെ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്.
സംഭവത്തിന്റെ പശ്ചാത്തലം ഇങ്ങനെ
പാട്നയിൽനിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയുള്ള ജാമുയി ജില്ലയിൽ സെപ്റ്റംബർ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തായ ആൺകുട്ടിയും ഒരു വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് ഇരുചക്രവാഹനത്തിൽ മടങ്ങിവരവെയായിരുന്നു പ്രതികൾ ഇവരെ തടഞ്ഞുനിർത്തിയത്.
തുടർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന ആൺകുട്ടിയെ ക്രൂരമായി മർദിക്കുകയും ചെയ്യുകയായിരുന്നു.
വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വഴിതിരിവ്
ഈ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പ്രതികളുടെ സംഘത്തിലൊരാൾ തന്നെ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. വിഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
എന്നാൽ ഭയം മൂലം ഇരകളായ കുട്ടികൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല.
തുടർന്ന് സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
വിഡിയോയിലെ ദൃശ്യങ്ങളും ഇരകൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുടുക്കാൻ പൊലീസിനായത്. കേസിൽ നിയമനടപടികൾ അതിവേഗം പുരോഗമിക്കുകയാണ്.