• Thu. Jun 4th, 2026

24×7 Live News

Apdin News

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

Byadmin

Jun 4, 2026



ബ്രസീല്‍
ബ്രസീല്‍ ടീം അണി നിരക്കുന്ന ഗ്രൂപ്പ് സിയില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ ആണ് ശക്തരായ മറ്റൊരു ടീം. പിന്നെയുള്ളത് ഹെയ്തിയും സ്‌കോട്ട്‌ലന്‍ഡും. ബ്രസീല്‍ ഒരു ലോക കിരീടം നേടിയിട്ട് 24 വര്‍ഷമാകുന്നു. ഇതിന് മുമ്പ് ഇതുപോലൊരു 24 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബ്രസീല്‍ 1994 ലോകകിരീടം നേടിയത്. അന്നും ലോകകപ്പിന് വേദിയായത് അമേരിക്കയായിരുന്നു. മാറുന്ന കളിശൈലിയില്‍ സാംബതാളവും ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ കാല്‍പ്പനിക സൗന്ദര്യവും മാത്രം പോര, ജയിക്കാന്‍ പാകത്തിന് മാറാന്‍ സജ്ജമാകണമെന്ന് തിരിച്ചറിയുകയും അത് നടപ്പാക്കി ലോകത്തിന് മുന്നില്‍ ബ്രസീല്‍ തെളിയിച്ച വര്‍ഷവുമായിരുന്നു അത്. കാര്‍ലോസ് ആല്‍ബര്‍ട്ടോ പറെയ്‌റയ്‌ക്ക്് കീഴിലാണ് അന്ന് ടീം നാലാം കിരീടം ചൂടിയത്. ഇക്കുറി ഇറങ്ങുന്നത് കാര്‍ലോ ആഞ്ചെലോട്ടിക്ക് കീഴില്‍.
ഫുട്‌ബോള്‍ ലോകത്തിന്റെ സുല്‍ത്താന്‍ നെയ്‌മര്‍ മുന്നില്‍ നിന്ന് നയിക്കുന്ന ടീം ആയാണ് തുടര്‍ച്ചയായ നാലാം തവണയും ബ്രസീല്‍ ലോക പോരാട്ടത്തിനെത്തുന്നത്. 2014 മുതല്‍ ടീമിന്റെ കരുത്തും കാതലുമാണ് നെയ്‌മര്‍. അഞ്ച് തവണ കിരീടം ചൂടിക്കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നേട്ടം കൈവരിച്ച ടീം എന്നതിനൊപ്പം എല്ലാ ലോകകപ്പുകളിലും സാന്നിധ്യമറിയിക്കാന്‍ സാധിച്ച ഏക ടീം എന്ന പകിട്ട് കൂടി സ്വന്തമാക്കിയവരാണ് ബ്രസീല്‍. ഏഴ് ലോകകപ്പ് ഫൈനലുകളില്‍ കളിച്ചു. 1950ല്‍ ഉറുഗ്വേയ്‌ക്കും 1998ല്‍ ഫ്രാന്‍സിനും പിന്നില്‍ റണ്ണറപ്പുകളായി. 1958, 1962, 1970, 1994, 2002 ലോകകപ്പുകളില്‍ ജേതാക്കളായി.

മൊറോക്കോ
2022 ഖത്തര്‍ ലോകകപ്പിലെ കറുത്ത കുതിരകളായിരുന്നു മൊറോക്കോ ടീം. വമ്പന്‍മാര്‍ പലരും കടപുഴകിയ ടൂര്‍ണമെന്റില്‍ മൊറോക്കോ സെമി വരെ മുന്നേറി. സെമിയില്‍ ഫ്രാന്‍സിനോടും ലൂസേഴ്‌സ് ഫൈനിലല്‍ ക്രൊയേഷ്യയോടും മാത്രമാണ് പരാജയപ്പെട്ടത്. ഈ ആഫ്രിക്കന്‍ ടീമിന്റെ ഏഴാം ലോകകപ്പ് ആണിത്. 1970ലാണ് ആദ്യമായി യോഗ്യത നേടിയത്. 1986, 1994, 1998, 2018 ലോകകപ്പുകളിലും കളിച്ചിട്ടുണ്ട്.

ഹെയ്തി
ലോകകപ്പ് ഫുട്‌ബോളില്‍ രണ്ടാം തവണയാണ് കരീബിയന്‍ രാഷ്‌ട്രമായ ഹെയ്തി പങ്കെടുക്കുന്നത്. ഇതിന് മുമ്പ് ടീം മത്സരിച്ചത് 1974ല്‍ പശ്ചിമ ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍. പ്രാഥമിക റൗണ്ടില്‍ ഒരു പോയിന്റ് പോലും നേടാതെയാണ് അന്ന് ടീം പുറത്തായത്. പോളണ്ടും അര്‍ജന്റീനയും ഇറ്റലിയും ആയിരുന്നു അന്ന് ഹെയ്തിയുടെ എതിരാളികള്‍.

സ്‌കോട്ട്‌ലന്‍ഡ്
28 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സ്‌കോട്ട്‌ലന്‍ഡ് ലോകകപ്പ് കളിക്കാനെത്തുന്നത്. ഇതിന് മുമ്പ് കളിച്ചത് 1998 ഫ്രഞ്ച് ലോകകപ്പില്‍. 1954ലാണ് ആദ്യമായി ലോകകപ്പ് കളിച്ചത്. തൊട്ടടുത്ത ലോകകപ്പിലും കളിച്ചു. 1974 മുതല്‍ 1990 വരെ സ്ഥിരം സാന്നിധ്യമായിരുന്നു. ഇതുവരെ പ്രാഥമിക റൗണ്ടിനപ്പുറം മുന്നേറിയിട്ടില്ല.

By admin