തിരുവനന്തപുരം: ബാര്‍ ലൈസന്‍സുകള്‍ക്ക് അനുമതി നല്‍കും മുമ്പ് സര്‍ക്കാരിനെ അറിയിക്കേണ്ടതായിരുന്നു എന്ന് എക്‌സൈസ് മന്ത്രി എം ലിജു.സര്‍ക്കാര്‍ നിരസിച്ച ശേഷം എങ്ങനെ ലൈസന്‍സ് നല്‍കി എന്നത് സംബന്ധിച്ച് എക്‌സൈസ് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ട്. ഇടതുസര്‍ക്കാരിനോടും മുന്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷിനോടും അതൃപ്തിയുണ്ടെന്നും എം ലിജു പറഞ്ഞു.
ചുമതല ഏറ്റെടുത്ത ആദ്യ ദിവസങ്ങളില്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് ധാരണ വന്നിട്ടുണ്ടാകില്ല. എക്‌സൈസ് കമ്മീഷണറെ മാറ്റുന്നത് ഭരണപരമായ കാര്യമാണ്. സര്‍ക്കാര്‍ അറിയാതെ പല കാര്യങ്ങളും താഴെത്തട്ടില്‍ തീരുമാനമെടുക്കാനുളള നിലവിലെ ചട്ടം മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്നും എം ലിജു പറഞ്ഞു.
എഫ് എല്‍ സെവന്‍ ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാര്‍ നയത്തിന് ശേഷം മതിയെന്ന് അറിയിച്ചിരുന്നു. സര്‍ക്കാര്‍ നയത്തിന്റെ തുടര്‍ച്ചയായി കമ്മീഷണര്‍ ലൈസന്‍സ് അനുവദിച്ചു. എങ്കിലും സര്‍ക്കാരിനെ അത് അറിയിക്കേണ്ടതായിരുന്നു. മദ്യനയത്തിനുശേഷം മാത്രം ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന തീരുമാനം ഉത്തരവായി ഇറക്കും എന്ന് മന്ത്രി വ്യക്തമാക്കി. നല്‍കിയ ലൈസന്‍സുകളെ സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. സര്‍ക്കാരിന്റെ പരിശോധനയിലാണ് വീഴ്ചകള്‍ ബോധ്യപ്പെട്ടത്. ആദ്യം എടുത്ത നടപടിയില്‍ രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.
ആ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ ട്രൈബ്യൂണലില്‍ നല്കിയ പരാതിയില്‍ ഡൊമസ്റ്റിക് ലോഞ്ചിലെ ലൈസന്‍സിനെ കുറിച്ചും വെളിപ്പെടുത്തി. എക്‌സൈസിന്റെ നടപടിയിലൂടെയാണ് ഈ കാര്യങ്ങളൊക്കെ വെളിപ്പെടുന്നത്.അഴിമതി ആരോപണം ഉണ്ടായപ്പോള്‍ കര്‍ശന നടപടിയെടുത്തു. നാടുമുഴുവന്‍ മദ്യം ഒഴുകിയപ്പോള്‍ രാജേഷ് തൃപ്തനായിരുന്നു. രാജേഷും പൂര്‍വികരും സൃഷ്ടിച്ച നിയമങ്ങളോട് അതൃപ്തിയുണ്ടെന്ന് മന്ത്രി എം ലിജു പറഞ്ഞു.പിണറായി സര്‍ക്കാരിന്റെ കാലത്ത് രാജേഷിന് ശബ്ദം ഉണ്ടായിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലൈസന്‍സ് നല്‍കുന്നതിന് ഉണ്ടാക്കിയ ചട്ടങ്ങള്‍ സംബന്ധിച്ച് പരിശോധിക്കും.ലൈസന്‍സ് നല്‍കുന്നത് ഉള്‍പ്പെടെ മന്ത്രി അറിയുന്ന രീതിയില്‍ ചട്ടങ്ങള്‍ ഉണ്ടാക്കും.