ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ സഞ്ജു സാംസണിന്റെ മോശം പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി. സഞ്ജു സ്ഥിരതയോടെ കളിച്ചില്ലെന്നാണ് വിഹാരി പറഞ്ഞത്. അവസാന മത്സരത്തിലെ അഭിഷേക് ശർമ്മയുടെ പ്രകടനത്തെക്കുറിച്ചും മുൻ ഇന്ത്യൻ താരം സംസാരിച്ചു.
”അഭിഷേക് ശർമ്മക്ക് ഇത് അപൂർവമായ ഒരു മോശം പ്രകടനമായിരുന്നു. സഞ്ജുവും ഈ പരമ്പരയിൽ സ്ഥിരതയോടെ കളിച്ചില്ല. ഇടയ്ക്കിടെ സഞ്ജു പരാജയപ്പെട്ടു. അക്സറിന് പകരം വരുണിനെ ടീമിൽ ഉൾപ്പെടുത്തി. ആദ്യ രണ്ട് ഓവറുകളിൽ അദ്ദേഹം മികച്ചതായി പന്തെറിഞ്ഞെങ്കിലും ഫിലിപ്സ് അദ്ദേഹത്തെ അറ്റാക്ക് ചെയ്ത് കളിച്ചു. പിച്ചിൽ പന്തിന് തിരിവ് ലഭിക്കാതിരുന്നിട്ടും വരുണിന്റെ വേഗതയിൽ മാറ്റം സംഭവിച്ചില്ല. ഇതോടെ അദ്ദേഹത്തിന്റെ ദൗർബല്യം വ്യക്തമായി” ഹനുമ വിഹാരി തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.


പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് തിളങ്ങാൻ സാധിച്ചത്. ആദ്യ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ സഞ്ജു പിന്നീടുള്ള ഒരു മത്സരത്തിലും തിളങ്ങിയില്ല.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് പരമ്പര നേരത്തെ ഇന്ത്യ നേടിയിരുന്നു. അവസാന രണ്ട് മത്സരത്തിൽ കിവികളുടെ വമ്പൻ പോരാട്ടമാണ് കണ്ടത്. അവസാന മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
ന്യൂസിലാൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.