• Wed. May 20th, 2026

24×7 Live News

Apdin News

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

Byadmin

May 20, 2026


കൊച്ചി: കേരളത്തിലെ ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു. ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള അഥവാ ബിഎല്‍കെ. ആദ്യ സീസണ്‍ താര ലേലം കൊച്ചിയില്‍ നടന്നു. സ്റ്റാര്‍ട്ടിങ് ഫൈവ് സ്പോര്‍ട്സ് മാനേജ്മെന്റ്, പൂനെയിലെ എബിസി ബാസ്‌ക്കറ്റ്ബോള്‍ ഡെവലപ്മെന്റ് ലീഗുമായി ചേരുകയും കേരള ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണയോടെയുമാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ യുവ പ്രതിഭകള്‍ക്ക് പ്രൊഫഷണല്‍ കരിയറിലേക്ക് മാറാനുള്ള മികച്ചൊരു വേദിയൊരുക്കുകയാണ് പുതിയ ലീഗ്.

പൂര്‍ണ്ണമായും ഒരു ഗ്രാസ്റൂട്ട് വികസന പദ്ധതിയായി വിഭാവനം ചെയ്തിരിക്കുന്ന ഈ ലീഗില്‍ കളിക്കാര്‍ക്ക് ശമ്പളമോ മറ്റ് പണമിടപാടുകളോ ഉണ്ടായിരിക്കില്ലെന്ന് സംഘാടകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലേലത്തില്‍ നടന്ന ലക്ഷങ്ങളുടെ കനത്ത വിളികള്‍ ടീമുകള്‍ രൂപീകരിക്കുന്നതിനുള്ള ‘സാലറി ക്യാപ്’ (പോയിന്റ് പരിധി) മാത്രമാണ്. ലേലഹാളില്‍ ലക്ഷങ്ങളുടെ പോയിന്റ് മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, കുട്ടികള്‍ക്ക് നേരിട്ട് പണമോ ചെക്കുകളോ ഗൂഗിള്‍ പേ വഴിയുള്ള കൈമാറ്റങ്ങളോ ഉണ്ടാകില്ല.

‘ഈ വര്‍ഷം കുട്ടികള്‍ക്ക് ഞങ്ങള്‍ ശമ്പളം നല്‍കുന്നില്ല, കളിക്കാര്‍ക്ക് പണമൊന്നും ലഭിക്കില്ല. എന്നാല്‍ ഒരു സാലറി ക്യാപ് ഉണ്ടായിരിക്കും. ഇതൊരു തനത് ഗ്രാസ്റൂട്ട് ടൂര്‍ണമെന്റാണ്,’ ബിഎല്‍കെ സ്ഥാപകനും പ്രൊമോട്ടറുമായ ആര്‍. അനില്‍കുമാര്‍ പറഞ്ഞു. യുവതലമുറയ്‌ക്ക് ഇതൊരു അമച്വര്‍ ലീഗ് ആണെങ്കിലും, ഭാവിയിലെ പ്രൊഫഷണല്‍ കരിയറിലേക്കുള്ള വലിയൊരു വാതിലാണിത്. ഈ വര്‍ഷാവസാനം വിദേശ കളിക്കാരെ ഉള്‍പ്പെടുത്തി ഒരു പ്രൊഫഷണല്‍ സീനിയര്‍ ലീഗ് ആരംഭിക്കാന്‍ സംഘാടകര്‍ പദ്ധതിയിടുന്നുണ്ട്. നിലവിലെ അണ്ടര്‍-19 വിഭാഗത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന കളിക്കാര്‍ക്ക് ഈ സീനിയര്‍ ലീഗിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ‘അതാണ് ഞങ്ങളുടെ പ്ലാന്‍. കഴിവുള്ള അണ്ടര്‍-19 കളിക്കാര്‍ക്ക് സീനിയര്‍ ലീഗില്‍ കളിക്കാം… അത് അവര്‍ക്കൊരു സുവര്‍ണ്ണാവസരമായിരിക്കും,’ ടൂര്‍ണമെന്റിലെ ആറ് പ്രമുഖ ഫ്രാഞ്ചൈസി ടീമുകളായ തിരുവനന്തപുരം കാപ്പിറ്റല്‍സ്, കൊച്ചി സ്റ്റാലിയന്‍സ്, കാലിക്കറ്റ് വാരിയേഴ്‌സ്, തൃശൂര്‍ ടസ്‌കേഴ്‌സ്, കോട്ടയം ബൈസണ്‍സ്, ആലപ്പുഴ ഡോള്‍ഫിന്‍സ് എന്നിവര്‍ തമ്മില്‍ ലേലത്തില്‍ ശക്തമായ മത്സരമാണ് നടന്നത്. അണ്ടര്‍-14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് സ്വദേശിനിയായ അക്ഷര കെ.യെ തൃശൂര്‍ ടസ്‌കേഴ്‌സ് 14 ലക്ഷം റെക്കോര്‍ഡ് പോയിന്റിന് സ്വന്തമാക്കിയതാണ് ലേലത്തിലെ ഏറ്റവും വലിയ നേട്ടം. അണ്ടര്‍-14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയില്‍ നിന്നുള്ള കെ. വൈ. റെക്‌സണ്‍ ആന്റണിയെ 11.25 ലക്ഷം പോയിന്റിന് കൊച്ചി സ്റ്റാലിയന്‍സും, അണ്ടര്‍-19 ആണ്‍കുട്ടികളില്‍ കോട്ടയത്തിന്റെ ജിന്‍സ് കെ. ജോബിയെ 10.5 ലക്ഷം പോയിന്റിന് കൊച്ചി സ്റ്റാലിയന്‍സും, അണ്ടര്‍-19 പെണ്‍കുട്ടികളില്‍ കോഴിക്കോട് സ്വദേശിനി ആര്‍ത്തിക കെ.യെ 9.5 ലക്ഷം പോയിന്റിന് തൃശൂര്‍ ടസ്‌കേഴ്‌സും സ്വന്തമാക്കി.

പ്രധാന ടൂര്‍ണമെന്റ് ജൂണ്‍ 4 മുതല്‍ ജൂണ്‍ 13 വരെ കൊച്ചി കടവന്ത്രയിലുള്ള രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടക്കുക. അണ്ടര്‍-14 ബോയ്‌സ്, അണ്ടര്‍-14 ഗേള്‍സ്, അണ്ടര്‍-19 ബോയ്‌സ്, അണ്ടര്‍-19 ഗേള്‍സ് എന്നീ നാല് വിഭാഗങ്ങളിലായി ലീഗ് മത്സരങ്ങള്‍ നടക്കും.



By admin