ബെംഗളുരു: ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകൾ പ്രിയങ്ക ജാർക്കിഹോളിയുടെയും വീടുകളിലടക്കം 18 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്. കർണാടകയ്‌ക്ക് പുറമെ ഗോവ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും റെയ്‌ഡ് നടക്കുന്നുണ്ട്.
ഒന്നാം സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് സതീഷ് ജർക്കിഹോളി എക്‌സൈസ് മന്ത്രിയായിരിക്കെ വിതരണം ചെയ്‌ത എക്‌സൈസ് ലൈസൻസുകളിലാണ് ക്രമക്കേട് ആരോപിക്കുന്നത്. 178 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്. രാവിലെ, കേന്ദ്ര റിസർവ് പോലീസ് സേന (സിആർപിഎഫ്) ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇഡി ഉദ്യോഗസ്ഥരുടെ ഒരു സംഘം രണ്ട് വാഹനങ്ങളിലായി മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു പരിശോധന.
ഓപ്പറേഷനിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തെരച്ചിലിൽ ഏതൊക്കെ വസ്തുക്കൾ കണ്ടെടുത്തുവെന്ന് ഇഡി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അന്വേഷണത്തിന്റെ പരിധി സതീഷ് ജാർക്കിഹോളിയിൽ മാത്രം ഒതുങ്ങുന്നില്ല; അദ്ദേഹത്തിന്റെ മകളും ചിക്കോടി ലോക്‌സഭാ സീറ്റിൽ നിന്നുള്ള എംപിയുമായ പ്രിയങ്ക ജാർക്കിഹോളിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സഹോദരീഭർത്താവായ വൈ മഞ്ജുനാഥിന്റെ വസതിയിലും റെയ്ഡ് നടക്കുന്നു.
വൈ മഞ്ജുനാഥ് അന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ നേരത്തെ രണ്ട് തവണ നടത്തിയ പരിശോധനയിൽനിന്ന് നിരവധി രേഖകൾ ഇ ഡി കണ്ടെടുത്തിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സതീഷ് ജർക്കിഹോളിയുടെ വീട്ടിൽ ഇഡി റെയ്‌ഡ് നടത്തുന്നത്. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അടുത്ത അനുയായിയാണ് സതീഷ് ജാർക്കിഹോളി.